revolt

ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക്ക് ബൈക്കായ റിവോൾട്ട് ആർ‌വി 400 ന്റെ ബുക്കിംഗ് ഇന്ന് വീണ്ടും ആരംഭിച്ചു. എന്നാൽ ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനു മുമ്പ് തന്നെ എല്ലാ വാഹനങ്ങളും വിറ്റു തീർന്നതായി റിവോൾട്ട് അറിയിച്ചു. കഴിഞ്ഞ മാസം ആദ്യമായി ബുക്കിംഗ് ആരംഭിച്ചപ്പോഴും രണ്ട് മണിക്കൂറിനുള്ളിൽ തന്നെ എല്ലാ വാഹനങ്ങളും വിറ്റഴിച്ചിരുന്നു. നിലവിൽ നാലു മാസമാണ് റിവോൾട്ട് ആർ വി 400ന്റെ വെയിറ്റിംഗ് പീരിയഡ് വരുന്നത്. വാഹന നിർമാണ പ്ളാന്റിന്റെ ശേഷി പരമാവധി വർദ്ധിപ്പിച്ച് വെയിറ്റിംഗ് പീരിയഡ് കുറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.

90,799 രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ദില്ലി, മുംബയ്, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. താമസിയാതെ തന്നെ രാജ്യം മുഴുവൻ വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്ന് കമ്പനി വൃത്തങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചു.

മണിക്കൂറിൽ 85 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന റിവോൾട്ടി 72 വാൾട്ട്, 3.24 കിലോവാൾട്ട് ലിഥിയം ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. യാത്രക്കിടയിൽ ബാറ്ററി തീർന്നുപോയാൽ തൊട്ടടുത്തുള്ള റിവോൾട്ട് സെന്ററിൽ ചെന്ന് ഒരു മിനിട്ടിനുള്ളിൽ ബാറ്ററി മാറ്റി യാത്ര തുടരാമെന്ന സൗകര്യവും റിവോൾട്ടിനുണ്ട്.