hotel

അഹമ്മദാബാദ്: നല്ലകാലം വരുമ്പോൾ പഴയതൊന്നും മറക്കുന്ന ആളല്ല പ്രധാനമന്ത്രി നരേന്ദ്രമോദി. പണ്ട് ജീവിക്കാനായി റെയിൽവേസ്റ്റേഷനിൽ ചായ വിറ്റുനടന്നത് ഒരു ജാള്യതയും കൂടാതെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. തന്റെ ജീവിതവുമായി അഭേദ്യ ബന്ധമുള്ള ഗുജറാത്തിലെ ഗാന്ധി നഗർ റെയിൽവേസ്റ്റേഷന് മുകളിലെ പഞ്ചനക്ഷത്ര ഹോട്ടൽ ഇന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ മികച്ച നിലവാരത്തിലെത്തിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രധാന ആഗ്രഹങ്ങളിൽ ഒന്നാണ്. അത് പൂർത്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇന്നത്തെ ഉദ്ഘാടനം. 'ഞങ്ങളുടെ റെയിൽ‌വേ സ്റ്റേഷനുകൾ‌ മികച്ച നിലവാരത്തിലായിരിക്കണമെന്ന് ഞാൻ‌ എപ്പോഴും ആഗ്രഹിക്കുന്നു. അത്തരമൊരു ശ്രമം ഗാന്ധിനഗറിൽ നടന്നിട്ടുണ്ട് എന്നാണ് കഴിഞ്ഞദിവസം അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. താൻ ഏറെക്കാലം മുഖ്യമന്ത്രിയായിരുന്ന സ്വന്തം സംസ്ഥാനത്താണ് ഇങ്ങനെയൊരു നിർമ്മിതി എന്നത് അദ്ദേഹത്തെ കൂടുതൽ സന്തോഷിപ്പിക്കുന്നുണ്ടാവും.

hotel

790 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഈ ഹോട്ടൽ രാജ്യത്ത് റെയിൽവേ സ്റ്റേഷന് മുകളിലുള്ള ഏക ഹോട്ടലാണ്. 250 അടിയാണ് ‌ഈ അത്യാധുനിക നിർമ്മിതിയുടെ ഉയരം. ഗുജറാത്ത് സർക്കാരും റെയിൽ മന്ത്രാലയവും ചേർന്ന് നിർമ്മാണം നടത്തിയ ഹോട്ടലിൽ ആകെ മുന്നൂറ്റി പതിനെട്ട് മുറികളാണ് ഉള്ളത്. 2017 ജനുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്.

അടിമുടി പ്രത്യേകതകൾ നിറഞ്ഞതാണ് ഈ ബഹുനില ഹോട്ടൽ മന്ദിരം.റെയിൽവേ സ്റ്റേഷനിൽ മിനിട്ടുവച്ച് ട്രെയിനുകൾ കുതിച്ചെത്തുമെങ്കിലും അതിന്റെ ഒച്ചയോ കുലുക്കമോ ലവലേശം ഹോട്ടൽ സമുച്ചയത്തിൽ ഏശില്ല. സ്റ്റേഷനിലെ മൂന്ന് പ്ളാറ്റ്‌ ഫോമുകളിൽ നിന്ന് ഇരുപത്തിരണ്ട് മീറ്റർ ഉയരത്തിലാണ് ഹോട്ടലിന്റെ ആദ്യ നില. മുപ്പത്തിരണ്ട് കോടിരൂപ മുതൽമുടക്കിൽ നിർമ്മിച്ച അടിപ്പാതയിലൂടെ റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരിട്ട് ഹോട്ടലിലെത്താം. പ്ളാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന രണ്ട് എസ്‌കലേറ്ററുകളും മൂന്ന് എലിവേറ്ററുകളും രണ്ട് ഭൂഗർഭ കാൽനട സബ്‌വേകളും നിർമ്മിച്ചിട്ടുണ്ട്. പ്രധാന പരിപാടികൾ നടക്കാറുള്ള മഹാത്മാ മന്ദിരത്തിലേക്ക് പോകാനുള്ള അനുബന്ധ പാതയുമുണ്ട്. രാഷ്ട്രത്തലവന്മാർക്കുള്ള നാല് പ്രസിഡൻഷ്യൽ സ്യൂട്ടുകളും ഹോട്ടലിലുണ്ട്.

പുതുക്കിപ്പണിഞ്ഞ റെയിൽവേസ്റ്റേഷനിലും അത്യാധുനിക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭാവിയിലെ വാണിജ്യ വികസനത്തിനായി മൾട്ടിപ്ലക്‌സുകൾ, ഷോപ്പിംഗ് ഏരിയകൾ, ഫുഡ് കോർട്ടുകൾ എന്നിവയ്ക്കുവേണ്ടി പ്രത്യേക സ്ഥലങ്ങളും നീക്കിവച്ചിട്ടുണ്ട്. കേന്ദ്രീകൃത എയർകണ്ടീഷനിംഗ് സംവിധാനമുള്ള വെയിറ്റിംഗ് ലോഞ്ച്, എൽ ഇ ഡി വാൾ ഡിസ്പ്ളേ ലോഞ്ചുള്ള ആർട്ട് ഗ്യാലറിയും സ്റ്റേഷന്റെ പ്രത്യേകതയാണ്.

hotel

പഞ്ചനക്ഷത്ര ഹോട്ടലിന് പുറമേ അഹമ്മദാബാദിലെ സയൻസ് സിറ്റിയിലെ പടുകൂറ്റൻ അക്വേറിയം, റോബോട്ടിക് ഗാലറി, പ്രകൃതി പാർക്ക് തുടങ്ങിയവയും അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും. 260 കോടി രൂപ ചെലവിലാണ് സയൻസ് സിറ്റിയിൽ അക്വേറിയം ഒരുക്കിയിരിക്കുന്നത് . ഇന്ത്യയിലെ ഏറ്റവും വലിയ അക്വേറിയമാണിത്.