lakshadweep

കവരത്തി: സർക്കാർ ഭൂമി കൈയേറി അനധികൃത നി‌ർമ്മാണം നടത്തിയ കെട്ടിട ഉടമകളോട് ഏഴ് ദിവസത്തിനകം കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം. കൽപേനിയിലാണ് ഭരണകൂടം പുതുതായി നോട്ടീസ് നൽകിയിരിക്കുന്നത്. കൃത്യമായ രേഖകൾ സമർപ്പിച്ച് തൃപ്‌തികരമായി മറുപടി നൽകിയില്ലെങ്കിൽ ഇവയെല്ലാം പൊളിച്ചുകളയുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

കടൽതീരത്ത് നിന്നും 20 മീറ്റർ മാത്രം പരിധിയിലുള‌ള വീടുകൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കവരത്തിയിലെ 80ഓളം വീടുകൾക്ക് അഡ്മി‌നിസ്‌ട്രേഷൻ മുൻപ് ജൂൺ 25ന് പുറത്തിറക്കിയ ഉത്തരവ് വിവാദമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. കവരത്തി, ബംഗാരം, ചെറിയം, സുഹൈലി എന്നീ ദ്വീപുകളിലും ഇത്തരത്തിൽ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു.

വിവാദ ഉത്തരവിൽ ദ്വീപ് നിവാസികൾ കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും സംഭവത്തിൽ നാലാഴ്‌ചയ്‌ക്കകം വിശദീകരണം നൽകാൻ ലക്ഷദ്വീപ് ഭരണകൂടത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്‌തതോടെയാണ് ഉത്തരവ് പിൻവലിച്ചത്.