ന്യൂഡൽഹി: മാസ്ക് വയ്ക്കാതെ യൂറോ ഫൈനൽ മത്സരം കാണാൻ വെംബ്ളി സ്റ്റേഡിയത്തിൽ പോയതിന് റിഷ ഭ് ന്തിനെ ആരാധകർ സാമൂഹികമാദ്ധ്യമങ്ങളിൽ പൊങ്കാലയിടുകയാണ്. ഇംഗ്ളണ്ട് പര്യടനത്തിനായി ലണ്ടനിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ പന്ത് സുഹൃത്തുക്കളോടൊപ്പം യൂറോ കപ്പ് ഫൈനൽ മത്സരം കാണുന്നതിന് വെംബ്ളി സ്റ്റേഡിയത്തിൽ പോയിരുന്നു. ഇംഗ്ളണ്ടിൽ കൊവിഡ് കണക്കുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിമ്പിൾഡൺ, യൂറോ ഫൈനൽ പോലെ ആളുകൾ കൂടുന്നിടത്ത് പോകുന്നത് ഒഴിവാക്കണമെന്ന ബി സി സി ഐയുടെ നിർദേശം കണക്കാക്കാതെയായിരുന്നു പന്ത് യൂറോ കാണാൻ പോയത്. തുടർന്ന് കൊവിഡ് പിടിപ്പെട്ട യുവതാരം ഇപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈനിലാണ്.
ഇതിനു പിറകേ ഇൻസ്റ്റാഗ്രാമിൽ മാസ്ക് വയ്ക്കാതെയുള്ള പന്തിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ താരത്തെ കുറ്റപ്പെടുത്തി നിരവധി പേർ കമന്റ് ചെയ്തു. ഇപ്പോൾ പന്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ ക്യാപ്ടനും ബി സി സി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി തന്നെയാണ്. " യൂറോ ചാമ്പ്യൻഷിപ്പും വിംബിൾഡണും ഇംഗ്ലണ്ടിൽ നടന്നു. കാണികളെ ഉള്ളിൽ പ്രവേശിപ്പിക്കുന്നതടക്കം അവിടത്തെ നിയമങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. താരങ്ങൾ അവധിയിലുമായിരുന്നു, എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുന്നത് ശാരീരികമായി അസാധ്യമാണ്, ” ഗാംഗുലി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇംഗ്ളണ്ടിലെ കൊവിഡ് നിയമങ്ങൾ ഇന്ത്യയിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ്. അവിടെ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക മുതലായ കാര്യങ്ങൾ ഇന്ത്യയിലെ പോലെ കർശനമല്ല.