ന്യൂഡൽഹി: രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗം ശക്തമാകുമെന്ന ആശങ്കയ്‌ക്കിടയിൽ ഇന്ത്യയിലെ മൂന്നാം കൊവിഡ് തരംഗം രണ്ടാമത്തെയത്ര ശക്തമാകില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). 'ഓഗസ്‌റ്റ് മാസം അവസാനത്തോടെ ആരംഭിക്കുന്ന കൊവിഡ് മൂന്നാം തരംഗം രാജ്യമെമ്പാടുമുണ്ടാകും. എന്നാൽ രണ്ടാംഘട്ട വ്യാപനത്തിന്റെയത്ര ശക്തമാകില്ല.' പകർച്ചാവ്യാധി വിഭാഗത്തിന്റെ തലവനായ ഡോ.സമീരൻ അഭിപ്രായപ്പെട്ടു.
ലോകം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രെയേസൂസ് വ്യാഴാഴ്‌ച അറിയിച്ചിരുന്നു. അന്താരാഷ്‌ട്ര ആരോഗ്യ നിയന്ത്രണ അടിയന്തര സമിതി യോഗത്തിലാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.
നിലവിൽ രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞെങ്കിലും ഇന്നും ഇന്ത്യയിൽ 38,949 പുതിയ കേസുകളും 542 മരണവുമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.09 കോടിയായി. 3.01 കോടി പേർ രോഗമുക്തിയും നേടി. 4,11,949 പേർ മരണമടഞ്ഞു. 97.28 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 13000 ലധികം പ്രതിദിന രോഗികളുളള കേരളമാണ് കൊവിഡ് പ്രതിദിന കണക്കിൽ രാജ്യത്ത് ഒന്നാമതുളളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന വിവരങ്ങളിലുണ്ട്.