minister

ഹരിദ്വാർ: കൊവിഡ് രോഗത്തെ ചെറുക്കാൻ പ്രധാന മാ‌ർഗങ്ങളിലൊന്നാണ് മാസ്‌ക് ധരിക്കുന്നത്. കൊവിഡ് ജാഗ്രത പാലിക്കുന്നതിന് പൊതുയിടങ്ങളിൽ ഇവ ധരിച്ചേ തീരു. എന്നാൽ പലപ്പോഴും ജനപ്രതിനിധികൾ പോലും ഇത്തരം ജാഗ്രത കൈവിടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

മാസ്ക് തലയിൽ കെട്ടിവച്ചും, സംസാരിക്കുമ്പോൾ താടിയിലേക്ക് താഴ്‌ത്തിയും വായ് മറയ്‌ക്കേണ്ട മാസ്കെടുത്ത് മുഖം തുടച്ചും ജനപ്രതിനിധികൾ പൊതുയിടങ്ങളിൽ പെരുമാറുന്നത് നമ്മൾ കണ്ടു. എന്നാൽ ഉത്തരാഖണ്ഡിൽ ഒരു മന്ത്രി ചെയ്‌തത് ഇതിലും കടത്തിവെട്ടുന്ന പ്രവൃത്തിയാണ്.

മന്ത്രിതല യോഗത്തിൽ പങ്കെടുക്കുകയായിരുന്ന മന്ത്രി യതീശ്വരാനന്ദ് തന്റെ മാസ്ക് ഉയർത്തിവച്ചിരുന്ന കാലിലെ വിരലിലാണ് തൂക്കിയിട്ടത്. ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ കടുത്ത വിമർശനമാണ് മന്ത്രിക്കു നേരെ ഉയർന്നത്.

സംസ്ഥാനത്തെ കൃഷിമന്ത്രി സുബോധ് ഉണിയാൽ, മറ്റ് മന്ത്രിമാർ എന്നിവരും ചിത്രത്തിലുണ്ട്. ഒരുമിച്ച് യോഗം കൂടുമ്പോൾ ഒരാൾ പോലും മാസ്‌ക് ധരിച്ചിരുന്നുമില്ല. ഹരിദ്വാർ (റൂറൽ) നിന്നുള‌ള എം‌എൽ‌എയും സംസ്ഥാനത്തെ ക്യാബിനറ്റ് മന്ത്രിയുമാണ് യതീശ്വരാനന്ദ്. ഗ്രാമവികസന വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.