vijayaraghavan

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ജാഗ്രതയോടെ മാത്രമെന്ന് സി പി എം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. സർക്കാരിന് ജനങ്ങളുടെ ജീവനാണ് പ്രധാനം. ഇന്നത്തെ സാഹചര്യത്തിൽ കൊവിഡ് ഭീഷണി നിലനിൽക്കുന്നുണ്ട്. സർക്കാരിന് സാമൂഹിക ഉത്തരവാദിത്തം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഓരോ തീരുമാനമെടുക്കുമ്പോഴും വളരെ ജാഗ്രതയോടെ മാത്രമേ സർക്കാരിന് തീരുമാനമെടുക്കാനാകൂവെന്ന് വിജയരാഘവൻ പറഞ്ഞു.

വിവിധ വിഭാഗം ജനങ്ങൾക്ക് വ്യത്യസ്‌തമായ പ്രശ്‌നങ്ങളുണ്ടാകും. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതിനാലാണ് കിറ്റ് പോലുളളവ കൊടുക്കുന്നത്. കൊവിഡ് വന്നപ്പോൾ സാധാരണക്കാർക്ക് പണം എത്തിക്കാനും സഹായങ്ങൾ നൽകാനും ആദ്യം ഇന്ത്യയിൽ തീരുമാനമെടുത്തത് കേരള സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ സർക്കാർ എടുത്ത തീരുമാനം ഉചിതമാണ്. എല്ലാവരുടേയും അഭിപ്രായം കേട്ടശേഷമാണ് സർക്കാർ തീരുമാനമെടുത്തത്. ഇന്നത്തെ സാഹര്യത്തിൽ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനമാണത്. ഇതുസംബന്ധിച്ച് സർക്കാർ വിളിച്ച യോഗത്തിൽ മുസ്ലീം ലീഗ് അവരുടെ അഭിപ്രായം അറിയിച്ചിരുന്നു. ആ സ്‌പിരിറ്റ് കൂടി ഉൾക്കൊണ്ടാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.