lady

മികച്ച ലൈംഗിക സംതൃപ്തിക്ക് ജനനേന്ദ്രിയങ്ങളുടെ വൃത്തിയും ആരോഗ്യവും അതിപ്രധാനമാണ്. ജനനേന്ദ്രിയ ഭാഗങ്ങളിലെ വൃത്തിയില്ലായ്മ അണുബാധയ്ക്ക് കാരണമാകും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. അവരുടെ ജനനേന്ദ്രിയങ്ങളുടെ പ്രത്യേകയാണ് അതിനുള്ള പ്രധാന കാരണം. അതിനാൽ തന്നെ ആ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം. അതിനുവേണ്ടി അല്പകാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. സ്ത്രീകൾ ശ്രദ്ധിക്കാനുള്ള പ്രധാന കാര്യങ്ങൾ വിവരിക്കുകയാണ് സ്ത്രീരോഗ വിദഗ്ദ്ധയായ ഡോ. ഒമോൻ ഇമോഹി.

പരസ്യത്തിൽ കാണുന്നത് പൂർണമായും വിശ്വസിക്കാതിരിക്കുക. അങ്ങനെ വാങ്ങുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് യോനീ ഭാഗത്ത് വരൾച്ചയ്ക്കും അതിലൂടെ അണുബാധയ്ക്കും ഇടയാക്കും. വീര്യം കൂടിയ സോപ്പുകളും അണുനാശിനികളും ഈ ഭാഗത്ത് ഉപയോഗിക്കരുത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭ നിരോധന ഉറ ഉപയോഗിക്കുക. ബന്ധപ്പെടലിനുശേഷം മൂത്രമൊഴിക്കുന്നത് ശീലമാക്കുക. യോനീ ഭാഗങ്ങൾ കഴുകി വൃത്തിയാക്കുകയും വേണം. കഴുകുന്ന രീതിക്കും ചില പ്രത്യേകതയുണ്ട്. എപ്പോഴും മുന്നിൽ നിന്ന് പിന്നിലേക്ക് മാത്രം കഴുകുക. മറിച്ച് ചെയ്താൽ മലദ്വാരത്തിലുള്ള അണുക്കൾ യോനിയിൽ പ്രവേശിക്കുകയും അണുബാധയ്ക്ക് ഇടയാക്കുകയും ചെയ്യും. വന്യമായ സെക്സ് ഒഴിവാക്കുന്നതും നല്ലതാണ്.

കോട്ടൺ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിച്ച് ശീലിക്കുക. ദിവസം ആറുമണിക്കൂറിൽ കൂടുതൽ ഒരു അടിവസ്ത്രം ഉപയോഗിക്കരുത്. ഉപയോഗിച്ചുതുടങ്ങി ആറുമാസം കഴിഞ്ഞാൽ ആ അടിവസ്ത്രം ഉപേക്ഷിക്കണം. മാസമുറ സമയത്തും അടിവസ്ത്രങ്ങളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയം ജനനേന്ദ്രിയ ഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതും നന്നായിരിക്കും. പക്ഷേ, മുറിവുണ്ടാകാതെ നോക്കണം. സൈക്കിൾ പതിവായി ഉപയോഗിക്കുന്നവർ ജനനേന്ദ്രിയ ഭാഗങ്ങളിൽ ചതവ് പറ്റാതെ നോക്കണം.

ജനനേന്ദ്രിയ ആരോഗ്യത്തിന് ഭക്ഷണത്തിലും ശ്രദ്ധിക്കണം. മധുരക്കിഴങ്ങ്, ആപ്പിൾ , പച്ചക്കറികൾ എന്നിവ നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിലൂടെ ആരോഗ്യത്തിനൊപ്പം മികച്ച ലൈംഗിക അനുഭൂതി ഉണ്ടാക്കാനും ഉപകരിക്കും. ആപ്പിൾ പതിവാക്കുന്നത് എളുപ്പത്തിൽ രതിമൂർച്ഛ ഉണ്ടാക്കുകയും ചെയ്യും.