permit

തിരുവനന്തപുരം: കാലതാമസമില്ലാതെ, അഴിമതിരഹിതവും സുതാര്യവുമായും കെട്ടിടനിർമ്മാണ പെർമിറ്റുകൾ ലഭ്യമാക്കുന്നതിനായി കൊണ്ടുവന്ന ഇന്റലിജന്റ് ബിൽഡിംഗ് പ്ളാൻ മാനേജ്മെന്റ് സിസ്റ്റം (ഐ.ബി.പി.എം.എസ്)​ എന്ന സോഫ്​‌റ്റ്‌വെയർ വ്യാപമാക്കാൻ കോർപ്പറേഷൻ ഒരുങ്ങുന്നു. 2018ൽ കൊണ്ടുവന്ന ഈ സോഫ്‌റ്റ്‌വെയറിനെ കുറിച്ച് ധാരാളം പരാതികൾ ഉയർന്നിരുന്നു. എന്നാൽ,​ പിന്നീട് അവയെല്ലാം പരിഹരിച്ച് മികച്ച രീതിയിൽ പ്രവർത്തനം

മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളായിരുന്നു ഈ സോഫ്‌റ്റ്‌‌വെയറിലെ വില്ലൻ. പൈലറ്റ് പദ്ധതിയായി ഉപയോഗിച്ചുവരുന്ന ഈ സോഫ്‌റ്റ്‌‌വെയർ ആഗസ്‌റ്റ് 15 വരെ തുടരും.

കെ.എസ്.ഐ.ഡി.സിയുമായി ചേർന്നായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പ് ഈ സോഫ്‌റ്റ്‌വെയർ കൊണ്ടുവന്നത്. ബിൽഡിംഗ് പെർമിറ്റ് ലഭ്യമാക്കുന്നതിനായി കെട്ടിട നിർമ്മാണ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും ബിൽഡിംഗ് പ്ലാനുകൾ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനും ചട്ടവിധേയമായ പ്ലാനുകൾക്ക് ഓൺലൈനായി പെർമി​റ്റ് അനുവദിക്കുന്നതിനുമുള്ള ഓട്ടോമാ​റ്റഡ് ഇന്റലിജന്റ് സോഫ്​റ്റ്‌വെയറാണ് ഐ.ബി.പി.എം.എസ്.

തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ കോർപ്പറേഷനുകളിലും ഗുരുവായൂർ, ആലപ്പുഴ, പാലക്കാട്, വർക്കല എന്നീ മുനിസിപ്പാലി​റ്റികളിലും കെട്ടിട നിർമ്മാണ അപേക്ഷകൾക്ക് അനുമതി നൽകുന്നതിന് ഐ.ബി.പി.എം.എസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിൽ പൊതുജനങ്ങൾക്ക് വിവിധ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. തുടർന്ന് തദ്ദേശ സ്വയംഭരണ മന്ത്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളെയും സോഫ്​റ്റ്‌വെയർ കമ്പനി പ്രതിനിധികളെയും പങ്കെടുപ്പിച്ച് അവലോകന യോഗങ്ങൾ ചേരുകയും പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ മുന്നിൽ നിൽക്കുന്ന ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന, ജാർഖണ്ഡ്, ഗുജറാത്ത് ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലും ഈ സോഫ്​റ്റ്‌വെയർ ഉപയോ​ഗിക്കുന്നുണ്ട്.

ലോ റിസ്‌ക് വിഭാഗത്തിലും

ഐ.ബി.പി.എം.എസ്

താരതമ്യേന കുറഞ്ഞ അപകടസാദ്ധ്യതയുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിനായുള്ള പെർമിറ്റുകൾ ഇനിമുതൽ അനുവദിക്കുന്നതിനും ഐ.ബി.പി.എം.എസ് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാൻ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചിട്ടുണ്ട്. 300 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങളാണ് ലോ റിസ്‌ക് കാറ്റഗറിയിൽ വരുന്നത്. ഓൺലൈൻ വഴി ഫയൽ ട്രാക്കിംഗ് സംവിധാനം കൂടാതെ ഇവയുടെ പുരോഗതിയും സോഫ്‌റ്റ്‌വെയർ വഴി നിരീക്ഷിക്കും. സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കെട്ടിടങ്ങളുടെ പ്ളാനും മറ്റും അനായാസം വരയ്ക്കുന്നതിന് കഴിയും. ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടായാൽ സോഫ്‌റ്റ്‌വെയർ തന്നെ അത് ചൂണ്ടിക്കാട്ടും. ഇതിനൊപ്പം നിയമവിരുദ്ധമായുള്ളതാണെങ്കിൽ അതും മുന്നറിയിപ്പായി നൽകുകയും ചെയ്യും.

ആഗസ്റ്റ് 15 ഓടെ ഈ സോഫ്‌റ്റ്‌വെയർ സംവിധാനം മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ഒക്ടോബർ രണ്ട് ആകുന്നതോടെ എല്ലാ നിർമ്മാണപ്രവർത്തനങ്ങളും ഈ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനാണ് തീരുമാനം.