rape-case

ചെന്നൈ: കൃഷിസ്ഥലത്ത് ജോലിയിലിരിക്കെ അതിക്രമിച്ച് കയറിയ 40 വയസുകാരൻ യുവതിയെ പിടിച്ചുകൊണ്ടുപോയി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു. പ്രതിരോധ ശ്രമത്തിനിടെ യുവതിയുടെ കല്ലുകൊണ്ടുള‌ള അടിയേറ്റ കുറ്റവാളി മരിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയ്‌ക്കടുത്തുള‌ള മിഞ്ജൂരിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണത്തിനൊടുവിൽ യുവതിയെ വിട്ടയച്ചു.

പൊലീസ് പറയുന്ന വിവരം ഇങ്ങനെ. 21കാരിയായ യുവതിയും ഭർത്താവും മിഞ്ജൂരിൽ ഒരു കൃഷിസ്ഥലത്താണ് ജോലി ചെയ്യുന്നത്. ഇവിടെ അതിക്രമിച്ച് കയറി അക്രമി പെൺകുട്ടിയെ പിടിച്ചുവലിച്ച് ആളൊഴിഞ്ഞയിടത്തേക്ക് കൊണ്ടുപോകുകയും പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു.

രക്ഷപ്പെടാൻ ശ്രമിച്ച യുവതി അക്രമിയെ പിടിച്ചു തള‌ളി താഴെയിട്ടു. അടുത്ത് കിടന്ന കല്ലെടുത്ത് ഇയാളുടെ തലയിൽ യുവതി അടിച്ചു. അതോടെ അക്രമിയുടെ ബോധം നശിച്ചു. യുവതി വേഗം ഭർത്താവിനടുത്ത് ഓടിയെത്തി സംഭവം അറിയിച്ചു. അപ്പോഴേക്കും സംഭവം അറിഞ്ഞ് അക്രമിയുടെ ശരീരം കിടന്നയിടത്തേക്ക് നാട്ടുകാർ എത്തിയിരുന്നു.

വൈകാതെ മിഞ്ജൂർ പൊലീസ് സ്ഥലത്തെത്തി. അക്രമി മരിച്ചതായി മനസിലാക്കിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്കെതിരെ ഐപിസി 100 വകുപ്പ് അനുസരിച്ച് കേസെടുത്ത ശേഷം പിന്നീട് കൊല ആക്രമത്തെ പ്രതിരോധിക്കുമ്പോൾ സംഭവിച്ചതാണെന്ന് കണ്ടെത്തി യുവതിയെ വിട്ടയച്ചതായി തിരുവാളൂർ എസ്.പി വി. വരുൺ കുമാർ അറിയിച്ചു.