പത്തനംതിട്ട: രണ്ടാംഭാര്യയുടെ ആദ്യ ബന്ധത്തിൽ ജനിച്ച പതിനാലുകാരിയെ നിരവധി തവണ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ കോയിപ്രം സ്വദേശി ഗോപാലകൃഷണനെ (56) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ 40 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയും രണ്ട് സഹോദരൻമാരും അമ്മയ്ക്കും പ്രതിക്കുമൊപ്പം കോയിപ്രത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോൾ നിരവധി തവണ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും ഗർഭിണിയാക്കിയെന്നുമാണ് കേസ്. ശരീര വേദനയെ തുടർന്ന് പെൺകുട്ടി ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. വിവരം ഡോക്ടർ പൊലീസിൽ അറിയിക്കുകയായിരുന്നു. കോഴഞ്ചേരി പൊലീസ് ഇൻസ്പെക്ടറായിരുന്ന ദിലീപ് ഖാനായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് കോടതിയിൽ ഹാജരായി .