കാബൂൾ: മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ നിന്ന് മ്യാൻമർ സൈന്യത്തെ പേടിച്ച് പലായനം ചെയ്‌ത രോഹിൻഗ്യൻ അഭയാർത്ഥികളുടെ ചിത്രം പകർത്തിയാണ് 2018ൽ ഡാനിഷ് സിദ്ദിഖി പുലിറ്റ്സർ പുരസ്കാരം നേടിയത്. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ ജഡങ്ങൾ തുറസായ സ്ഥലത്ത് കത്തിക്കുന്നത് സിദ്ദിഖി ഡ്രോണുകൾ ഉപയോഗിച്ച് പകർത്തിയതും ലോകശ്രദ്ധ നേടിയിരുന്നു.
1980ലാണ് ഡാനിഷിന്റെ ജനനം. മുംബയിൽ താമസം. ഡൽഹി ജാമിയ മിലിയ ഇസ്‌ലാമിയയിൽ നിന്ന് ഇക്കണോമിക്‌സിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷനിൽ മാസ്റ്റർ ബിരുദവും നേടി. ടെലിവിഷൻ റിപ്പോർട്ടറായി തുടക്കം. പിന്നീട് ഫോട്ടോ ജേർണലിസത്തിലേക്ക്. 2010 ൽ റോയിട്ടേഴ്സിൽ ട്രെയിനിയായി. ഏഷ്യയിലും പശ്ചിമേഷ്യയിലും യൂറോപ്പിലും പ്രവർത്തിച്ചു. ഇറാക്കിലെ മൊസൂൾ യുദ്ധം, നേപ്പാൾ ഭൂകമ്പം,രോഹിൻഗ്യൻ പലായനം,ഹോങ്കോങ് പ്രക്ഷോഭം, 2020ലെ ഡൽഹി കലാപം, കൊവിഡ് ദുരന്തം തുടങ്ങിയ നിരവധി ആഗോള സംഭവങ്ങൾ സിദ്ദിഖി പകർത്തി.
ഇംഗ്ലണ്ടിലെ പരിവർത്തിത മുസ്ലീങ്ങളെ പറ്റിയുള്ള ഫോട്ടോ സീരീസ് പ്രശസ്‌തമാണ്. നാഷണൽ ജ്യോഗ്രഫിക്, വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ്, ടൈം മാഗസിൻ തുടങ്ങി നിരവധി ആഗോള പ്രസിദ്ധീകരണങ്ങൾ സിദ്ദിഖിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗാലറികളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും നേടി.