കൊച്ചി: ജില്ലയിലെ കോളേജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശേരി എച്ച്.എം.ടി തേനാട്ടുവീട്ടിൽ അസ്ഹർ (19), മണക്കാട്ടുവീട്ടിൽ ഫൈസൽ (20), ഇടപ്പള്ളി ഉണിച്ചിറ പതിയാപറമ്പ് ചന്ദു പ്രദീപ് (19) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനടുത്തിന് പിന്നിൽ ഐ.എം.എ ഹാളിനു സമീത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. വിദ്യാർത്ഥികളിൽ നിന്ന് വൻതുക കൈപ്പറ്റിയാണ് മയക്കുമരുന്ന് വിറ്റിരുന്നത്. ബംഗളൂരുവിൽ നിന്ന് ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കിയതായി പൊലീസ് അറിയിച്ചു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എ. അനന്തലാലും അസിസ്റ്റന്റ് കമ്മിഷണറുടെ സ്ക്വാഡും പാലാരിവട്ടം പൊലീസും അടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്.