പെരിന്തൽമണ്ണ: നാലര വയസുകാരിയെ അയൽവാസി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കാതെ പെരിന്തൽമണ്ണ പൊലീസ് ഒത്തുതീർപ്പാക്കിയെന്ന ആരോപണവുമായി കുട്ടിയുടെ മാതാവ്. സ്റ്റേഷനിൽ നേരിട്ടെത്തി പരാതി പറഞ്ഞിട്ടും കേസെടുത്തില്ല. ഈമാസം പത്തിനാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. നേരത്തെ മാതാവിനെയും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. പരാതി ഒത്തുതീർന്നെന്ന് എഴുതിച്ച് വിട്ടെന്ന് കാണിച്ച് മാതാവ് ജില്ലാ പൊലീസ് മേധാവി സുജിത്ദാസിന് പരാതി നൽകി. തുടർന്ന് എസ്.പിയുടെ നിർദ്ദേശപ്രകാരം ഇന്നലെ പെരിന്തൽമണ്ണ പൊലീസ് വീണ്ടും അമ്മയുടെ മൊഴിയെടുക്കുകയും കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. തുടർന്ന് താഴേക്കോട് സ്വദേശിയായ പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഒരു ലക്ഷം രൂപ വാങ്ങി കേസ് ഒത്തുതീർപ്പാക്കിയെന്ന് പൊലീസുകാരൻ പ്രചരിപ്പിച്ചെന്നും എസ്.പിക്ക് മാതാവ് നൽകിയ പരാതിയിൽ പറയുന്നുണ്ട്. കുട്ടിയെ പീഡിപ്പിച്ച കാര്യം പരാതിക്കാരി പറഞ്ഞില്ലെന്നും മാതാവിനെ ഉപദ്രവിച്ച കാര്യം മാത്രമേ പരാതിയിലുള്ളൂവെന്നുമാണ് പെരിന്തൽമണ്ണ പൊലീസിന്റെ വാദം. എസ്.പിക്ക് പരാതി നൽകിയതിന് പിന്നാലെ വകുപ്പ്തല നടപടി ഒഴിവാക്കാൻ പൊലീസിനെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പെരിന്തൽമണ്ണ സ്റ്റേഷനിലെ എ.എസ്.ഐയുടെ ഫോൺകോൾ ശബ്ദരേഖയും മാതാവ് എസ്.പിക്ക് സമർപ്പിച്ചു.