transfer


തിരുവനന്തപുരം: പൊതു സ്ഥലം മാറ്റത്തിന്റെ പേരിൽ വ്യാപകമായി ഓഫീസർമാരുടെ തസ്തികകൾ വെട്ടി നിരത്തുകയാണെന്നും കൊവിഡ് കാലത്ത് ഉദ്യോഗസ്ഥരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘ് ജനറൽ സെക്രട്ടറി യു.വി.സുരേഷ്. പോസ്റ്റിം​ഗ് സ്ട്രെങ്ത് എന്ന ഓമന പേരിൽ അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയർ (സിവിലും ഇലക്ട്രിക്കലും), സീനിയർ സൂപ്രണ്ട്, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ മുതലായ തസ്തികകൾ വ്യാപകമായി വെട്ടി നിരത്തിയിട്ടുണ്ട്. ഇങ്ങനെ തസ്തികകൾ വെട്ടി നിരത്തി സ്ഥലം മാറ്റം നടത്തിയതിനു ശേഷം ഈ തസ്തികകളിൽ പ്രമോഷനിലൂടെയും സ്ഥലം മാറ്റം ഉത്തരവുള്ളവരെ നിലനിറുത്തിയും ഇഷ്ടക്കാരെ പോസ്റ്റ് ചെയ്യാനാണ് നീക്കം.

ജൂൺ 26 നു ഇറങ്ങിയ മാർഗ നിർദേശങ്ങളിൽ ജനറൽ കണ്ടീഷൻ-15 പ്രകാരം മാർച്ച് 31 നു സ്ഥലംമാറ്റ നടപടി ക്രമങ്ങൾ അവസാനിപ്പിക്കണം എന്ന് പറയുന്നുണ്ട്. അതിനു ശേഷം ആയിരത്തോളം പേർ റിട്ടയർ ചെയ്തിട്ടുണ്ട്. ഇതാണ് വെട്ടി നിരത്തുന്നതിനുള്ള കാരണമായി പറയുന്നത്. ഫെബ്രുവരി 28 നു ജോലി ചെയ്തിരുന്നവരുടെ വർക്കിം​ഗ് സ്ട്രെങ്ത്, പോസ്റ്റിം​ഗ് സ്ട്രെങ്ത് ആക്കിയാൽ ഇത്തരം അന്യായം ചെയ്യാൻ കഴിയില്ല. 776 സെക്ഷൻ ഓഫീസിൽ സീനിയർ സൂപ്രണ്ട് വേണ്ട സ്ഥാനത്തു 572 പേരുടെ പോസ്റ്റിംഗ് സ്ട്രെങ്ത് ആണ് ഇപ്പോൾ കാണിച്ചിരിക്കുന്നത്. ഇത് പോലെ തന്നെയാണ് മറ്റു തസ്തികകളിലും ചെയ്തിരിക്കുന്നത്.

തങ്ങൾക്കു ഇഷ്ടമില്ലാത്തവർ ജോലി ചെയ്യുന്ന സ്ഥലത്തു അവർ ഒരു വർഷം പോലും തികയുന്നതിനു മുമ്പ് തന്നെ അവരെ ട്രാൻസ്ഫർ ചെയ്യാൻ പോസ്റ്റിംഗ് സ്ട്രെംഗ്‌ത് പൂജ്യം ആക്കുന്നുവെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ വർഷം മടവൂർ സീനിയർ സൂപ്രേണ്ടു യു.വി സുരേഷിനെ മാറ്റിയതിനെതിരെ ഇപ്പോഴും ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. പോസ്റ്റിംഗ് സ്ട്രെങ്തിന്റെ അപാകതകൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ചീഫ് എൻജിനീയർ (എച്.ആർ.എം) പ്രസന്നകുമാരി, ഡെപ്യൂട്ടി ചീഫ് എൻജിനീയർ (എച്.ആർ.എം) ശ്രീനിവാസൻ, ചീഫ് പേഴ്സണൽ ഓഫീസർ റാം മഹേഷ്, കെ. സുനിൽ (എഞ്ചിനീയേഴ്‌സ് അസോസിയേഷൻ), മനോജ് (ഓഫീസേഴ്‌സ് അസോസിയേഷൻ), എസ്.പി.ബിജു പ്രകാശ് (പവർ ബോർഡ് ഓഫീസർസ് ഫെഡറേഷൻ), എം.പി.ഷാജി (ഓഫീസർസ് കോൺഫെഡറേഷൻ), നോബിൾ ഗുലാബ് (കെ.ഇ.ഓ.എഫ്) എന്നിവരും സംസാരിച്ചു.