കാസർകോട്: പ്രതിയെ കണ്ടെത്താൻ കഴിയാതെ പൊലീസ് അവസാനിപ്പിച്ച വീട് കവർച്ചാ കേസ് റീ ഓപ്പൺ ചെയ്ത് പൊലീസ്. കുപ്രസിദ്ധ മോഷ്ടാവ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിദ്ദിഖി (45) നെ അറസ്റ്റ് ചെയ്തു. 2016ൽ മംഗൽപ്പാടി കുക്കാർ സ്കൂളിന് സമീപത്തെ ഇബ്രാഹിമിന്റെ വീട് കുത്തിതുറന്ന് 1,30,000 രൂപയും രണ്ട് പവൻ സ്വർണാഭരണവും കവർച്ച ചെയ്ത കേസിനാണ് വർഷങ്ങൾക്ക് ശേഷം തുമ്പുണ്ടായത്.വയനാട്ടിൽ മറ്റൊരു മോഷണ കേസിൽ അറസ്റ്റിലായ സിദ്ദിഖ് പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് കുമ്പള സ്റ്റേഷൻ പരിധിയിലെ കവർച്ച കൂടി വെളിപ്പെടുത്തിയത്. വയനാട് പൊലീസ് വിവരം കുമ്പള പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടാൻ കഴിയാതെ അന്വേഷണം അവസാനിപ്പിച്ച കേസ് റീ ഓപ്പൺ ചെയ്തത്. കുമ്പള പൊലീസ് പ്രൊഡക്ഷൻ വാറൻഡ് പ്രകാരം വയനാട്ടിലെത്തി എസ് ഐ പി രവീന്ദ്രന്റെ നേതൃത്വത്തിൽ പ്രതി സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് കുമ്പളയിൽ എത്തിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.