കാബൂൾ : ദുരന്ത ഭൂമികളുടെ ഭീകരത കാമറക്കണ്ണുകളിലൂടെ പകർത്തി മനുഷ്യ മനഃസാക്ഷിയെ പിടിച്ചു കുലുക്കാൻ ഇനി ഡാനിഷ് സിദ്ദിഖിയില്ല. അദ്ദേഹം ഒപ്പിയെടുത്തതെല്ലാം ചരിത്രത്തിന്റെ കാണാകാഴ്ചകളായി.
നൊമ്പരപ്പെടുത്തുന്ന നേർകാഴ്ചകളുടെ ചിത്രങ്ങൾ ബാക്കി വച്ച്, പാതി വഴിയിൽ മടങ്ങി. സംഘർഷ ഭൂമിയിലെ നിസഹായരായ , നിശബ്ദരായ മനുഷ്യരുടെ ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചിത്രവും. അവർ പറയാനാഗ്രഹിക്കുന്ന ഒരായിരം കാര്യങ്ങൾ തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം ലോകത്തിന് മുന്നിലെത്തിച്ചു.
മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ നിന്ന് മ്യാൻമർ സൈന്യത്തെ പേടിച്ച് പലായനം ചെയ്‌ത രോഹിൻഗ്യൻ അഭയാർത്ഥികളുടെ ചിത്രം പകർത്തി 2018ൽ പുലിറ്റ്സർ പുരസ്കാരം നേടിയതോടെയാണ് ഡാനിഷ് സിദ്ദിഖി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായത്. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ ജഡങ്ങൾ തുറസായ സ്ഥലത്ത് കത്തിക്കുന്നത് സിദ്ദിഖി ഡ്രോണുകൾ ഉപയോഗിച്ച് പകർത്തിയതും ലോകശ്രദ്ധ നേടിയിരുന്നു.
സംഘർഷ പ്രദേശങ്ങളിലും യുദ്ധ ഭൂമികളിലും ഭയത്തിന്റെ കണിക ലവ ലേശമില്ലാതെ സത്യത്തിന്റെ കൈയൊപ്പ് പതിപ്പിച്ച ചിത്രങ്ങൾ ലോക ജനതയ്ക്ക് മുന്നിലെത്തിക്കാൻ ഇനി അദ്ദേഹമില്ല. ചൊവ്വാഴ്ചയായിരുന്നു അവസാനമായി മേഖലയിൽനിന്ന് സിദ്ദിഖി ചിത്രം പകർത്തി പുറത്തുവിട്ടത്. സംഘർഷ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ പല തവണ തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.അപകടകരമാണെന്നറിഞ്ഞിട്ടും ഒരു ജനതയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ നേർച്ചിത്രം ലോകത്തിന് മുന്നിലെത്തിക്കാൻ അദ്ദേഹം ശ്രമം തുടർന്ന് കൊണ്ടേയിരുന്നു. ഒരിക്കൽ അദ്ദേഹം തന്റെ കർത്തവ്യത്തെ ഒരു കണ്ണാടിയോടുപമിച്ചിരുന്നു. സത്യത്തിനു നേരെ കണ്ണാടി തിരിച്ചു പിടിച്ച് കാണിക്കുകയെന്നതാണ് എന്റെ ജോലി. ഒന്നുകിൽ നിങ്ങൾക്കത് കണ്ടില്ലെന്ന് നടിക്കാം. അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാറ്റത്തിനായി പ്രവർത്തിക്കാം. അങ്ങനെ ലോകത്ത് നല്ല മാറ്റങ്ങളുണ്ടാകാൻ വേണ്ടി, നീതി നിഷേധിക്കപ്പെടുന്നവർക്ക് വേണ്ടി ലോകാത്തിന്റെ നാനായിടങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ ക്യാമറയും ചിത്രങ്ങളും സംസാരിച്ചു കൊണ്ടേയിരുന്നു. തന്റെ 41 ാം വയസിൽ ആ ലക്ഷ്യം പൂർണ്ണതയിലെത്തിക്കാതെ അദ്ദേഹം മടങ്ങുമ്പോൾ അഫ്ഗാനിലെ സംഘർഷ ഭൂമിയിലെവിടെയോ വീണുപോയ ആ ക്യാമറയിൽ ഇപ്പോഴും എന്തെങ്കിലും അദ്ദേഹം പകർത്തിയിട്ടുണ്ടാകുമെന്നുറപ്പ്. ആഅവസാന ചിത്രത്തിനും ഈ ലോകത്തോട് പറയാൻ ഒരുപാടുണ്ടാകും...
1980ലാണ് ഡാനിഷിന്റെ ജനനം. മുംബയിൽ താമസം. ഡൽഹി ജാമിയ മിലിയ ഇസ്‌ലാമിയയിൽ നിന്ന് ഇക്കണോമിക്‌സിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷനിൽ മാസ്റ്റർ ബിരുദവും നേടി. ടെലിവിഷൻ റിപ്പോർട്ടറായി തുടക്കം. പിന്നീട് ഫോട്ടോ ജേർണലിസത്തിലേക്ക്. 2010 ൽ റോയിട്ടേഴ്സിൽ ട്രെയിനിയായി. ഏഷ്യയിലും പശ്ചിമേഷ്യയിലും യൂറോപ്പിലും പ്രവർത്തിച്ചു.
ഇറാക്കിലെ മൊസൂൾ യുദ്ധം, നേപ്പാൾ ഭൂകമ്പം,രോഹിൻഗ്യൻ പലായനം,ഹോങ്കോങ് പ്രക്ഷോഭം, 2020ലെ ഡൽഹി കലാപം, കൊവിഡ് ദുരന്തം തുടങ്ങിയ നിരവധി ആഗോള സംഭവങ്ങൾ സിദ്ദിഖി പകർത്തി. ഇംഗ്ലണ്ടിലെ പരിവർത്തിത മുസ്ലീങ്ങളെ പറ്റിയുള്ള ഫോട്ടോ സീരീസ് പ്രശസ്‌തമാണ്. നാഷണൽ ജ്യോഗ്രഫിക്, വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ്, ടൈം മാഗസിൻ തുടങ്ങി നിരവധി ആഗോള പ്രസിദ്ധീകരണങ്ങൾ സിദ്ദിഖിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗാലറികളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും നേടി.