വാഷിംഗ്ടൺ : അമേരിക്കയിലെ റോഡ് ഐലൻഡിലെ സ്‌റ്റിയർ ഹൗസ് നഴ്സിംഗ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ തെറാപ്പി ക്യാറ്റുകളിൽ ഒന്നാണ് ഓസ്‌കാർ. മറവിരോഗം, പാർക്കിൻസൺ തുടങ്ങിയവ ബാധിച്ച നിരവധി രോഗികളാണ് ഈ ആശുപത്രിയിലുള്ളത്. ഈ രോഗികളെ പാർപ്പിച്ചിരിക്കുന്ന വിഭാഗത്തിലാണ് ഓസ്‌കാറിന്റെ ജോലി. ആരുമായും വേഗത്തിൽ ഇണങ്ങുന്നയാളാണ് ഓസ്‌കാർ. ഓസ്കാറിന്റെ സാന്നിദ്ധ്യം ഇവിടുത്തെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വളരെ ആശ്വാസമാണ്.
പക്ഷേ, ഏതെങ്കിലും രോഗിയുടെ അടുത്ത് ചെന്ന് ചുരുണ്ടു കൂടിക്കിടന്ന് ഓസ്‌കാർ ഉറങ്ങിയാൽ ഒന്നുറപ്പിക്കാം. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ രോഗി മരിക്കാൻ പോകുന്നുവെന്നതിന്റെ സൂചന നല്‌കുകയാണ് ഓസ്‌കാർ.! ആശുപത്രിയിലെ രോഗികൾ എപ്പോൾ മരിക്കുമെന്ന് ഡോക്‌ടർമാർക്ക് പറയാൻ കഴിയുന്നതിന് മുന്നേ ഓസ്‌കാറിന് ഇത് കൃത്യമായി എങ്ങനെ അറിയാം.?
മരണം അടുത്ത ഒരു രോഗിയുടെ ശരീരത്തിലെ മൃതകോശങ്ങളിൽ നിന്ന് പുറത്ത് വരുന്ന രാസ വസ്‌തുക്കൾ മണത്തറിയാൻ ഓസ്‌കാറിന് കഴിയുമെന്നാണ് ചില ഗവേഷകർ പറയുന്നത്. അതിനാലണാത്രെ ഓസ്കാർ മരണത്തോടടുക്കുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ അടുത്ത് വന്ന് കിടക്കുകയും പ്രത്യേക അടുപ്പം കാട്ടുകയും ചെയ്യുന്നതത്രെ. 2005 മുതൽ ഓസ്‌കാർ ഈ ആശുപത്രിയിൽ ഉണ്ട്. ഓസ്കാർ ആശുപത്രി വാർഡിലെത്തിയതിന് ആറു മാസത്തിന് ശേഷമാണ് ഓസ്‌കാറിന്റെ വിചിത്ര കഴിവ് ഡോക്‌ടർമാർ കണ്ടെത്തിയത്. അതേ സമയം, ഓസ്കാറിന്റെ പ്രവചനം എല്ലാം ശരിയല്ലെങ്കിലും ഏകദേശം 100 ഓളം പേരുടെ മരണം കൃത്യമായി പ്രവചിച്ചതായാണ് പറയപ്പെടുന്നത്. എന്നാൽ, ഇതെല്ലാം തികച്ചും യാദൃശ്ചികമാണെന്ന് വാദിക്കുന്നവരും കുറവല്ല.