ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് പ്രതിരോധത്തിൽ അടുത്ത 125 ദിവസം നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൊവിഡിനെതിരേയുള്ള ആർജിത പ്രതിരോധ ശേഷി കൈവരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. കൊവിഡ് കേസുകള്‍ കുറയുന്നത് മന്ദഗതിയിലായി തുടങ്ങിയത് ഇതിന്റെ സൂചനയാണെന്നും ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തുടനീളം രോഗവ്യാപനം അടിയന്തരമായി തടയേണ്ടതുണ്ട്. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ ഇതിന് സാധിക്കുകയുള്ളു. കൊവിഡിനെതിരേയുള്ള പോരാട്ടത്തിൽ അടുത്ത 125 ദിവസം വളരെ നിർണായകമാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് 95 ശതമാനം കോവിഡ് മരണവും തടയാന്‍ സാധിച്ചു എന്ന് പഠനം വ്യക്തമാക്കുന്നു. ഒരു വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇത് 82 ശതമാനമാണ്. ജൂലായോടെ 50 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഈ നേട്ടം കൈവരിക്കുന്നതിനുള്ള വഴിയിലാണ് സര്‍ക്കാര്‍.
നിരവധി രാജ്യങ്ങളിൽ കൊവിഡ് സാഹചര്യം കൂടുതൽ മോശമാവുകയാണെന്നും ലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകാരോഗ്യ സംഘടന മൂന്നാം തരംഗ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതിൽ നിന്ന് നമ്മൾ പാഠം ഉൾക്കൊള്ളണം. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി