വാഷിംഗ്ടൺ: ചൈനയ്‌ക്കെതിരെ നയതന്ത്രതലത്തിൽ ഒന്നിച്ചു നീങ്ങാൻ അമേരിക്കയും ജർമ്മനിയും തമ്മിൽ ധാരണയായി. അമേരിക്ക സന്ദർശിച്ച ജർമ്മൻ ചാൻസലർ എയ്ഞ്ചല മെർക്കലുമായി ജോ ബൈഡൻ നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് തീരുമാനമായത്. ചൈനയിലെ കടുത്ത മനുഷ്യാവകാശ ലംഘനത്തേയും ജനാധിപത്യവിരുദ്ധ നീക്കങ്ങളേയും ഒരുമിച്ച് എതിർക്കുമെന്ന് ഇരുവരും പറഞ്ഞു.
‘സ്വതന്ത്രമായ ജനാധിപത്യവ്യവസ്ഥകൾക്കായി നിലനിൽക്കുന്ന രണ്ടു രാജ്യങ്ങളാണ് അമേരിക്കയും ജർമ്മനിയും. മനുഷ്യാവകാശലംഘനം ആരു നടത്തിയാലും പൊറുക്കാനാവില്ല. എതിർക്കുക തന്നെ ചെയ്യുമെന്ന് ’ മെർക്കൽ പറഞ്ഞു.
ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുന്ന ലോകവ്യവസ്ഥയ്ക്കായി അമേരിക്ക എന്നും നിലകൊള്ളും. സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിൽ ചൈനയോ മറ്റേതെങ്കിലും രാജ്യങ്ങളോ പെരുമാറിയാൽ ആഗോളതലത്തിൽ അതിനെ കൂട്ടായി എതിർക്കേണ്ടതാണെന്നും ബൈഡൻ വ്യക്തമാക്കി. ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ചൈനയ്‌ക്കെതിരെ എടുത്ത നിലപാടുകളുടെ അടുത്ത പടിയാണ് മെർക്കൽ ബൈഡൻ കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്.