ന്യൂഡൽഹി: 'ഇന്ത്യൻ ഗൂഗിൾ" എന്നറിയപ്പെടുന്ന ഇന്റർനെറ്റ് ടെക്‌നോളജി കമ്പനിയായ ജസ്‌റ്റ് ഡയലിന്റെ മേജർ ഓഹരി പങ്കാളിത്തം സ്വന്തമാക്കി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ്. 40.95 ശതമാനം ഓഹരികൾ 3,497 കോടി രൂപയ്ക്കാണ് റിലയൻസിന്റെ ഉപകമ്പനിയായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഏറ്റെടുത്തത്. ഓപ്പൺ ഓഫറിലൂടെ 26 ശതമാനം ഓഹരികൾ കൂടി റിലയൻസ് ഏറ്റെടുക്കും. ഇതോടെ, ആകെ ഓഹരി പങ്കാളിത്തം 66.95 ശതമാനമാകും.
1996ൽ 50,000 രൂപ മൂലധനവുമായി സംരംഭകൻ വി.എസ്.എസ് മണി തന്റെ 29-ാം വയസിൽ സ്ഥാപിച്ച കമ്പനിയാണ് ജസ്‌റ്റ് ഡയൽ. മേജർ ഓഹരികൾ റിലയൻസ് വാങ്ങിയെങ്കിലും വി.എസ്.എസ്. മണി മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ ആയി തുടരും. പ്രാദേശിക കടകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങളും ഇ-കൊമേഴ്‌സ് സേവനവും യാത്രാ ടിക്കറ്റുകളും ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനിയാണ് ജസ്‌റ്റ് ഡയൽ.