covid-19

തിരുവനന്തപുരം: കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ശാസ്ത്രീയതയെപ്പറ്റി വിമര്‍ശനമുയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന് യോഗത്തിൽ തീരുമാനമുണ്ടാകും.

വൈകിട്ട് മൂന്നരയ്ക്കാണ് അവലോകന യോഗം.രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ വലിയ ഇളവുകൾക്ക് സാദ്ധ്യതയില്ല. എന്നിരുന്നാലും ബക്രീദോടനുബന്ധിച്ച് നാളത്തെ സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്.നാളെ മുതൽ മൂന്ന് ദിവസം കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.ബുധനാഴ്ചയാണ് ബക്രീദ്. ആള്‍കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നൽകിയിട്ടുണ്ട്.

അതേസമയം രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് സംസ്ഥാനത്ത് ഇനിമുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണ്ട. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാൽ രോഗലക്ഷണമുളളവർ ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.