ram-temple

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട അയോദ്ധ്യയിലെ രാമക്ഷേത്രം പണി പൂർത്തിയാക്കി തീർത്ഥാടനത്തിനായി തുറക്കാൻ കാത്തിരിക്കുകയാണ് രാജ്യമെമ്പാടുമുളള ഭക്തർ. കാത്തിരിപ്പിന് വിരാമമിട്ട് രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തർക്കായി തുറന്ന് നൽകുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. ശ്രീ കോവിലിന്‍റെ നിർമ്മാണം ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.

2025ഓടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും ട്രസ്റ്റ് അവകാശപ്പെടുന്നു. ക്ഷേത്ര നിർമ്മാണത്തിന് വിദേശ ഫണ്ട് സ്വീകരിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ ട്രസ്റ്റ് മുഴുവൻ തുകയും ഇന്ത്യയിൽ നിന്ന് തന്നെ സമാഹരിച്ച് കഴിഞ്ഞെന്നും അറിയിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരിക്കും നടക്കുക. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരും യു പി സർക്കാരും പ്രത്യേക താത്പര്യമെടുത്താണ് രാമക്ഷേത്ര നിർമ്മാണത്തിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.

കൊവിഡ് വ്യാപനത്തിനിടയിലും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് രണ്ട് വർഷത്തിനുള്ളിൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാകുമെന്ന് അധികൃതർ അവകാശപ്പെടുന്നത്. ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകുന്ന എൻജിനീയർമാരുമായും, ആർക്കിടെക്റ്റ്മാരുമായും ട്രസ്റ്റ് അംഗങ്ങൾ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ട്രസ്റ്റിന്‍റെ ഭാഗത്ത് നിന്നുളള ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

നിലവിൽ രാമക്ഷേത്രത്തിന്‍റെ അടിത്തറയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇത് ഈ വർഷം സെപ്‌തംബർ പതിനഞ്ചോടെ പൂർത്തിയാകും. നവംബർ മുതൽ രണ്ടാംഘട്ട നിർമ്മാണ ജോലികൾ ആരംഭിക്കാനാണ് തീരുമാനം. മിർസാപൂരിൽ നിന്നും, ജോധ്പൂരിൽ നിന്നുമുള്ള മൺകട്ടകൾ, രാജസ്ഥാനിലെ മക്കർനയിൽ നിന്നുള്ള മാർബിൾ, ബാൻസി പഹർപൂരിൽ നിന്നുള്ള പിങ്ക് കല്ലുകൾ എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നത്.