helicopters

ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് പുതുതായി വാങ്ങുന്ന എം എച്ച് 60 ആർ വിവിധോദ്ദേശ ഹെലികോപ്ടറുകളിലെ ആദ്യ രണ്ടെണ്ണം അമേരിക്കൻ നാവിക സേന ഇന്ത്യക്ക് കൈമാറി. ഇത്തരം 24 ഹെലികോപ്ടറുകളാണ് ഇന്ത്യ അമേരിക്കയുടെ പക്കൽ നിന്നും വാങ്ങുന്നത്. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച് അമേരിക്കൻ സർക്കാരിന്റെ അംഗീകാരത്തോടെ വിൽക്കപ്പെടുന്ന ഈ ഹെലികോപ്ടറുകളുടെ മൊത്തം വില 240 കോടി അമേരിക്കൻ ഡോളറാണ്. അമേരിക്കയിലെ സാൻ ഡിയാഗോയിലെ നാവികകേന്ദ്രത്തിൽ നടന്ന കൈമാറ്റ ചടങ്ങിൽ ഇന്ത്യയുടെ യു എസ് അംബാസിഡർ തരൺജിത്ത് സിംഗ് സന്ധു പങ്കെടുത്തു.

ചടങ്ങിൽ വച്ച് അമേരിക്കൻ നേവൽ എയർ ഫോഴ്സിന്റെ വൈസ് അഡ്‌മിറൽ കെന്നത്ത് വിറ്റ്‌സെലും ഇന്ത്യൻ നാവിക സേനയുടെ വൈസ് അഡ്‌മിറൽ രവ്ണീത് സിംഗും തമ്മിൽ രേഖകളും കൈമാറി. യു എസ് നേവിയിലെ മുതിർന്ന ഉദ്യോഗസ്ഥരും നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഈ കച്ചവടത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങൾ പുതിയ തലങ്ങളിലേക്ക് കടന്നതായി അംബാസി‌ഡ‌ർ തരൺജിത്ത് സന്ധു പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏകദേശം 2000 കോടി ഡോളറിന്റെ കച്ചവടം ഇരു രാഷ്ട്രങ്ങളും തമ്മിൽ ഇതിനോടകം നടത്തികഴിഞ്ഞുവെന്ന് സന്ധു പറഞ്ഞു.