വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരി കൊല്ലപ്പെട്ടിട്ട് പതിനാറാം ദിവസമായിരുന്നു ഇന്നലെ. അവൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒരു പിറന്നാൾ ആഘോഷത്തിന് സാക്ഷ്യം വഹിക്കേണ്ട വീടായിരുന്നു അത്. ജൂലായ് 16ന് അവളുടെ ഏഴാം പിറന്നാളായിരുന്നു.
മരണാനന്തര ചടങ്ങുകൾ നടക്കുന്ന പതിനാറാംദിനവും, പിറന്നാൾ ദിനവും ഒരു ദിവസം തന്നെയായതോടെ അയൽക്കാരും അതീവ ദുഖത്തിലായിരുന്നു. കഴിഞ്ഞ തവണത്തെ പിറന്നാൾ ഇവരെല്ലാം ചേർന്നാണ് ആഘോഷമാക്കിയത്.
ഇന്നലെയും ബന്ധുക്കളും അയൽക്കാരുമൊക്കെ വീട്ടിൽ ഒത്തുകൂടി. പൊന്നുമോൾ പോയെങ്കിലും ബിരിയാണി, ചോക്കലേറ്റ്, ഐസ്‌ക്രീം ഉൾപ്പടെ അവൾക്കിഷ്ടമുള്ളതെല്ലാം മാതാപിതാക്കൾ ഒരുക്കി.പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവ് കേക്ക് മുറിച്ചു.
ഡി വൈ എഫ് ഐ പ്രാദേശിക നേതാവായിരുന്ന അർജുനാണ് പെൺകുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായപ്പോൾ മരിച്ചുവെന്ന് കരുതി ഇയാൾ മുറിക്കുള്ളിലെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നു.