olympics

ടോക്കിയോ: ഒളിമ്പിക്‌സിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ടോക്കിയോ ഒളിമ്പിക്‌സ് വില്ലേജില്‍ കൊവിഡ് റിപ്പോർട്ട് ചെയ്‌തു. വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

താരങ്ങളും ഒഫീഷ്യല്‍സും താമസിക്കുന്ന ഒളിമ്പിക്‌സ് വില്ലേജിന് പുറത്തെ ഹോട്ടലിലാണ് കൊവിഡ് പോസിറ്റീവായ ആളെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുളളതായി സംഘാടകർ അറിയിച്ചു. ഒളിമ്പിക്‌സ് ഗ്രാമത്തില്‍ കൊവിഡ് വ്യാപിച്ചാൽ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടാകുമെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. ഇദ്ദേഹത്തെ 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് 2020ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് ഇക്കൊല്ലത്തേക്ക് മാറ്റിയത്.

ടോക്കിയോ നഗരത്തില്‍ ഈ മാസം 23നാണ് ഒളിമ്പിക്‌സിന് തുടക്കമാകുന്നത്. കൊവിഡ് ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതിനാല്‍ ടോക്കിയോയിൽ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിമ്പിക്‌സ് നടക്കുന്നത്. ജൂലായ് 12ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ഓഗസ്റ്റ് 22 വരെ നീളും. ആയതിനാൽ തന്നെ ഇത്തവണ കാണികൾക്ക് ഒളിമ്പിക്‌സ് വേദികളിലേക്ക് പ്രവേശനമുണ്ടാകില്ല.

228 അംഗ ഇന്ത്യന്‍ സംഘമാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കാനായി ടോക്കിയോയിലെത്തുക. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മാറ്റുരയ്‌ക്കും. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.