india-covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം പൊതുവിൽ കുറഞ്ഞുവരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ കേരളത്തിലും മഹാരാഷ്‌ട്രയിലും രോഗത്തിന്റെ ശക്തി കുറയാതെ നിൽക്കുകയാണ്. 24 മണിക്കൂറിനിടെ 38,079 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 560 പേർ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഇന്ന് രോഗമുക്തി നേടിയവർ 43,916 ആണ്. രോഗമുക്തി നിരക്ക് 97.31 ശതമാനം ആയി. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും അഞ്ചിൽ താഴെയായത് ആശ്വാസമായി. രാജ്യത്തെ ആക്‌ടീവ് കേസ്‌ലോഡ് 4,24,025 ആയി. ഇതുവരെ രോഗമുക്തി നേടിയവർ ആകെ 3.01 കോടിയാണ്.

വിവിധ സംസ്ഥാനങ്ങളിലെ കണക്ക് നോക്കിയാൽ ആകെ രോഗബാധയുടെ 74.16 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ 36.11 ശതമാനവും കേരളത്തിൽ നിന്നാണ്.13,750 കേസുകളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്ര (7761), ആന്ധ്രാ പ്രദേശ് (2345), തമിഴ്‌നാട് (2312), ഒഡീഷ (2070) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഏറ്റവുമധികം മരണമടഞ്ഞവർ മഹാരാഷ്‌ട്ര (167), കേരളം (130) എന്നീ സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 42.12 ലക്ഷം ഡോസ് വാക്‌സിൻ നൽകി, ഇതോടെ ആകെ 39.96 കോടി ‌ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്‌തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.