danish

ന്യൂഡൽഹി: ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തിൽ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍. താലിബാനും അഫ്‌ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്.

മാദ്ധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്നും താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കി. യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചാല്‍ അക്കാര്യം തങ്ങളെ അറിയിക്കാറുണ്ട്. ആ വ്യക്തിക്ക് ആവശ്യമുള്ള സുരക്ഷ നല്‍കാറുമുണ്ട്. ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകനായ ഡാനിഷ് സിദ്ദീഖിയുടെ മരണത്തില്‍ ഖേദിക്കുന്നുവെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.

ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം താലിബാന്‍ അന്താരാഷ്‌ട്ര റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐ സി ആര്‍ സി) കൈമാറിയതായാണ് വിവരം. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ഊർജിതമാക്കിയിട്ടുണ്ട്.

പുലിറ്റ്‌സര്‍ ജേതാവായ ഡാനിഷ് റോയിട്ടേഴ്‌‌സ് വാര്‍ത്താ ഏജന്‍സിയുടെ ഇന്ത്യയിലെ മള്‍ട്ടിമീഡിയ തലവനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കാണ്ഡഹാറില്‍ നിന്നാണ് ഡാനിഷ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്.