കിലുക്കം എന്ന ചിത്രത്തിലെ സമർഖാൻ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ശരത് സക്‌സേന. മസിൽ പെരുപ്പിച്ചുള്ള അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.പ്രായം എഴുപത് പിന്നിട്ടെങ്കിലും വർക്കൗട്ടിലൂടെ ശരീരം കാത്തുസൂക്ഷിക്കുന്ന ആളാണ് അദ്ദേഹം.
ഇന്ത്യയിൽ നല്ല മസിലുള്ളയാൾക്ക് നല്ല നടനാകാൻ കഴിയുമായിരുന്നില്ലെന്നാണ് ശരത് സക്‌സേനയുടെ അഭിപ്രായം. തന്റെ പ്രായത്തിലുള്ളവർക്ക് ചെയ്യാൻ കഴിയുന്ന നല്ല കഥാപാത്രങ്ങളെല്ലാം അമിത്ബ് ബച്ചന് ലഭിക്കുന്നതായും, തന്നെപ്പോലുള്ളവർക്ക് അത്തരം റോളുകൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം ദു:ഖം പ്രകടിപ്പിച്ചു.
മിക്ക ചിത്രങ്ങളിലും തനിക്ക് ഒരു ഡയലോഗും നൽകിയിട്ടില്ലെന്നും നടൻ പറയുന്നു. 'ബോളിവുഡ് എന്താണ് ആഗ്രഹിക്കുന്നതെന്ന് തീരുമാനിക്കാൻ ആർക്കും കഴിയില്ല. പ്രത്യേകിച്ച് യാതൊരു പിന്തുണാ സംവിധാനവും ഇല്ലാതെ...കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യണം. കാരണം ഉപജീവനം നടത്തേണ്ടതുണ്ട്. ഭാര്യയേയും കുട്ടികളെയും നോക്കാനായി അതൊക്കെ ചെയ്യേണ്ടിവന്നു.നിങ്ങൾ ഒരു കുടുംബനാഥൻ ആകുമ്പോൾ, ഒരു ഹീറോ ആകാൻ സ്വപ്‌നം കാണുന്നതിന് പകരം വരുമാനത്തെക്കുറിച്ച് ചിന്തിക്കണം.' -അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
' പല സിനിമകളിലും എന്റെ ഡയലോഗുകൾ 'യെസ് ബോസ്', 'നോ ബോസ്' എന്നിവയായിരിക്കും. നിങ്ങൾക്ക് നല്ല മസിലുണ്ടെങ്കിൽ ഇന്ത്യയിൽ ഒരു നല്ല നടനാകാൻ കഴിയില്ല എന്ന പ്രശ്‌നം ഉണ്ടായിരുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്ത്യയിലെ എല്ലാ നായകന്മാരുടെയും പേരുകൾ എഴുതുക, അവരിൽ എത്രപേർ മസിലുള്ളവരാണ്. നിങ്ങൾ ഇരുണ്ട ആളാണെങ്കിൽ നിങ്ങൾക്ക് ഒരു ഹീറോ ആകാൻ കഴിയില്ല.ചുരുണ്ട മുടിയുണ്ടെങ്കിലും അതിന് പറ്റില്ല'- അദ്ദേഹം പറഞ്ഞു.
പണ്ട് മസിലുണ്ടെങ്കിൽ പോരാളിയായിരുന്നു, എന്നാൽ കാലം മാറി. ഇന്ന് മസിലുള്ളയാൾക്ക് ഹീറോയാകാം. അതിന് സൽമാൻ ഖാന് നന്ദി പറയണം.ഇന്ന് സിനിമ താരമാകാൻ ആഗ്രഹിക്കുന്നവർ ആദ്യം ജിമ്മിലും പിന്നീട് കോച്ചിംഗ് ക്ലാസുകളിലും പോകുന്നുവെന്നും അദ്ദേഹം പറയുന്നു.