accident

മറയൂർ: വ്യാഴാഴ്‌ച രാത്രി ഒൻപതരയോടെ മറയൂരിലെ 108 ഡ്രൈവർ ജിബിൻ തോമസിന്റെ ഫോണിലേക്ക് ഒരു വിളിവന്നു. തിരുവനന്തപുരം 108 കോൾ സെന്ററിൽ നിന്നുള‌ള ഒരു സന്ദേശമായിരുന്നു അത്. തനിക്ക് വീഴ്‌ചയിൽ പരിക്ക് പറ്റിയെന്നും പരിക്ക് ഗുരുതരമാണെന്നും രക്ഷിക്കണമെന്നുമായിരുന്നു അത്. സ്ഥലം കാന്തള‌ളൂർ ചന്ദ്രമണ്ഡലത്തിലാണെന്നും വിളിച്ചയാൾ പറഞ്ഞിരുന്നു. പരിക്കേറ്റയാളുടെ നമ്പരിൽ വിളിച്ച് നോക്കിയെങ്കിലും റെയ്ഞ്ച് പ്രശ്‌നം കാരണം സ്ഥലമറിയാനോ സംസാരം വ്യക്തമാകാനോ ജിബിന് സാധിച്ചില്ല.

ഇതോടെ സമയം കളയാതെ ജിബിൻ മറയൂർ പൊലീസിനെ വിളിച്ചു. സ്ഥലം തിരിച്ചറിഞ്ഞ് മറയൂർ, പയസ് നഗർ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥ‌ർ പെരടിപ്പള‌ളം ഭാഗത്ത് എത്തിയപ്പോഴേക്കും ആനക്കൂട്ടം വഴിതടഞ്ഞു. ഒപ്പം വഴി നീളെ മഴയും. ഒടുവിൽ രാത്രി രണ്ട് മണിയായതോടെ പരിശോധന നടത്താനാകാതെ സംഘം തിരികെ വന്നു.

തുടർന്ന് വെള‌ളിയാഴ്‌ചയോടെ നാട്ടുകാരോടൊപ്പം പൊലീസ് നടത്തിയ തിരച്ചിലിലാണ് പാറക്കെട്ടിന് 200 അടി താഴെ ഒരു നാൽപത് വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചുമന്ന് നാല് മണിക്കൂർ സമയം കൊണ്ടാണ് താഴെ റോഡിലെത്തിച്ചത്.

ഇവിടെ സമീപം കുണ്ടക്കാട് മേഖലയിൽ രണ്ട് ചന്ദനമരങ്ങൾ മോഷ്‌ടാക്കൾ വെട്ടി കടത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള‌ള സംഘമാണ് ഇതിന് പിന്നിൽ. ഇക്കൂട്ടത്തിൽ പെട്ടയാളാണോ ഇയാളെന്ന് സംശയമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മറയൂർ ഇൻസ്‌പെക്‌ടർ ബിജോയ് പി.ടി പറഞ്ഞു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.