antony-raju

കൊച്ചി: എറണാകുളം ജില്ലയിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ജില്ലയിലെ ഗതാഗത സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുവാൻ വിളിച്ചു ചേർത്ത യോഗത്തിൽ എംഎൽഎമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൊവിഡ് ആരംഭിച്ചതിന് പിന്നാലെ നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്കു കൂടി പ്രയോജനപ്പെടുന്ന വിധത്തിൽ കെഎസ്ആർടിസി ആരംഭിക്കുന്ന പെട്രോൾ പമ്പുകൾ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ അങ്കമാലി യൂണിറ്റുകളിൽ രണ്ടാം ഘട്ടമായി തുടങ്ങുവാനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി യോഗത്തിൽ അറിയിച്ചു.

മുനമ്പം തിരുവനന്തപുരം സർവീസ് മുൻഗണനാ ക്രമത്തിൽ ആരംഭിക്കണമെന്നും മൂവാറ്റുപുഴ കെഎസ്ആർടിസി യൂണിറ്റിലെ യാത്രക്കാർക്കുള്ള ശുചിമുറി സൗകര്യം നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയുംവേഗം പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായ സഹകരണങ്ങളോടു കൂടി കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കാമെന്ന എംഎൽഎമാരുടെ നിർദ്ദേശം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

ടോയ്‌ലറ്റ് മാലിന്യം കൊണ്ടു പോകുന്ന വാഹനങ്ങൾ വഴിയരികിലും ജലാശയങ്ങളിൽ തള്ളുന്നതായി എംഎൽഎമാർ പരാതി ഉന്നയിച്ചു. ഇത്തരം കാര്യങ്ങളിൽ കർശന നടപടി സ്വീകരിക്കാനും, വാഹനങ്ങളുടെ പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ചരക്ക് വാഹനങ്ങളിൽ അമിതഭാരം കയറ്റി സർവീസ് നടത്തുന്നതായും, ഇരുചക്ര വാഹനങ്ങളിൽ നിയമവിരുദ്ധമായ രൂപമാറ്റം വരുത്തി പൊതുജനങ്ങൾക്ക് ശല്യമാകുന്ന വിധത്തിൽ ഉപയോഗിക്കുന്നതുമായ എംഎൽഎമാരുടെ പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സ്വകാര്യ വാഹനങ്ങളിൽ നിയമവിരുദ്ധമായി സർക്കാർ വാഹനം എന്ന രീതിയിൽ ചുവന്ന ബോർഡുകൾ വയ്ക്കുന്നതും, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിവിധ ബോർഡുകൾ വച്ച വാഹനങ്ങളും നിയമ വിരുദ്ധ പ്രവർത്തികൾക്കായി ഉപയോഗിക്കുന്നു എന്ന പരാതിയിൽ കർശന നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.

പെരുമ്പാവൂർ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്, ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ്ട്രാക്ക് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ഉപയോഗരഹിതമായ സ്ഥലം അനുയോജ്യമാണന്ന് എംഎൽഎ ശ്രീ എൽദോസ് കുന്നപ്പള്ളി അഭിപ്രായപ്പെട്ടു. എംഎൽഎമാരായ കെ. ജെ. മാക്‌സി, കെ.എൻ ഉണ്ണികൃഷ്ണൻ, പി. വി. ശ്രീനിജൻ, മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി, ആന്റണി ജോൺ, കെ. ബാബു, പി. ടി. തോമസ്, അൻവർ സാദത്ത്, റോജി എം ജോൺ, റ്റി. ജെ. വിനോദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.