rajan

തിരുവനന്തപുരം: റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയ്‌ക്കെതിരായ നടപടിയിൽ പ്രതിപക്ഷ നേതാവിന്‍റെ വിമ‌‌ർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ രാജൻ. റവന്യൂ വകുപ്പില്‍ ഓരോ ദിവസവും ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ നടക്കുന്ന പ്രക്രിയയില്‍ ഇടപെടണമെന്ന് തോന്നേണ്ട കാര്യം വന്നിട്ടില്ല. റവന്യൂമന്ത്രി ഇടപെടേണ്ട കാര്യമാണെങ്കില്‍ മന്ത്രി ഇടപെടുക തന്നെ ചെയ്യും. അക്കാര്യത്തില്‍ ഒരു പ്രയാസവും ഇല്ല. ആ അധികാരത്തെക്കുറിച്ചൊക്കെ നല്ലപോലെ ധാരണയുണ്ട്. പ്രതിപക്ഷ നേതാവിനും അതറിയാം എന്നാണ് വിചാരിക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംബന്ധിച്ച ആരോപണങ്ങളില്‍ മന്ത്രി മറുപടി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോള്‍ കാര്യങ്ങളെല്ലാം സര്‍ക്കാരിന്‍റെ അധികാരപരിധിയില്‍ തന്നെയാണ്. സര്‍ക്കാരിന്‍റെ അധികാരം ആരെങ്കിലും ലംഘിക്കുകയോ, സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനം മറ്റാരെങ്കിലും കൈക്കൊള്ളുകയോ ചെയ്‌തതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അണ്ടര്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഒരു കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

മുട്ടില്‍ മരംമുറി രേഖകള്‍ വിവരാവകാശ നിയമം വഴി പുറത്തുനല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദു ചെയ്‌ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. സംസ്ഥാനത്തിന് ഒരു റവന്യൂമന്ത്രിയുണ്ടോയെന്ന് വരെ അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.