v-d-satheesan

​കോട്ടയം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്ലിം സമുദായത്തിന് നഷ്‌ടമുണ്ടായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുസ്ലീം സമുദായത്തിന് നഷ്‌ടം ഉണ്ടായിട്ടില്ല. നിലവില്‍ സ്‌കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്‌ടം ഉണ്ടായിട്ടില്ലെന്നും സതീശന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുസ്ലീം സമുദായത്തിന് നഷ്‌ടമുണ്ടായി എന്ന് തന്‍റെ പേരില്‍ വാര്‍ത്തയുണ്ട്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ആ വാര്‍ത്ത വാസ്‌തവവിരുദ്ധമാണ്. മുസ്ലിം, പരിവര്‍ത്തിത ക്രിസ്ത്യന്‍, ലത്തീന്‍ ക്രിസ്ത്യന്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്നത്. അവരുടെ നിലവിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ നിലനിര്‍ത്തുമെന്നാണ് മന്ത്രിസഭാ തീരുമാനം എന്നാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. നഷ്‌ടം ഉണ്ടായെന്ന വാര്‍ത്ത തെറ്റാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിലവിലുള്ള സ്‌കോളര്‍ഷിപ്പ് കുറയ്ക്കാത്തതിനെ സ്വാഗതം ചെയ്യുന്നു. ഹൈക്കോടതി വിധിപ്രകാരം മറ്റ് സമുദായങ്ങൾക്ക് കൂടി ആനുപാതികമായി സ്‌കോളര്‍ഷിപ്പ് കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും അംഗീകരിക്കുന്നു. മുസ്ലിം ലീഗ് ഉന്നയിച്ച പരാതി സര്‍ക്കാര്‍ പരിഗണിക്കണം. ലീഗിന്‍റെ അഭിപ്രായം യു ഡി എഫ് ചര്‍ച്ച ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു.