prostitution

തിരുവനന്തപുരം: തിരുവനന്തപുരം നഗരമദ്ധ്യത്തിൽ വടക്കേഇന്ത്യയിൽ നിന്നുള‌ള പെൺവാണിഭ സംഘത്തെ പിടികൂടി. നഗരത്തിലെ തിരക്കേറിയ പ്രധാന സ്ഥലങ്ങളായ തമ്പാനൂർ, മെഡിക്കൽ കോളേജ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ ഈ സംഘം പ്രവർത്തിച്ചിരുന്നു.

സംഘത്തിന്റെ പ്രവ‌ർത്തനമറിഞ്ഞ് അസാം പൊലിസ് സംഘം തിരുവനന്തപുരത്തെത്തി സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയെ വിവരമറിയിച്ചപ്പോൾ മാത്രമാണ് കേരളാ പൊലീസ് ഈ വിവരം അറിഞ്ഞത്.

ദമ്പതികൾ എന്ന പേരിലാണ് ഇടപാടുകാരെ എത്തിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇടപാടുകാരിൽ ഭൂരിപക്ഷവും മറ്റ് സംസ്ഥാനക്കാരാണ്. ഇവരെ ദമ്പതികളുടെ ബന്ധുക്കളെന്ന പേരിൽ എത്തിച്ചാണ് പെൺവാണിഭം നടത്തിയത്.

കൊവിഡ് ലോക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന ലോഡ്ജുകളിൽ ഇത്തരക്കാരെ താമസിപ്പിച്ചു എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടെ ലോഡ്ജുകളിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു. പിടിയാലയവരിൽ ഒൻപത് പുരുഷന്മാരും ഒൻപത് സ്‌ത്രീകളുമാണ്. ഇതിൽ 18 വയസാകാത്ത പെൺകുട്ടിയുമുണ്ട്. പെൺവാണിഭത്തിന്റെ സൂത്രധാരന്മാരായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരൊഴികെയുള‌ളവരെ പിഴ ചുമത്തി വിട്ടു. കൂട്ടത്തിലെ സ്ത്രീകളെയും രണ്ട് പ്രധാന പ്രതികളെയും അസാമിലേക്ക് കൊണ്ടുപോകും.

പെൺവാണിഭത്തിന് നേതൃത്വം നൽകിയവർക്ക് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആസാമിൽ കേസുണ്ട്. ഇവരുടെ ഫോൺവിളിയുമായി ബന്ധപ്പെട്ടാണ് ആസാം പൊലീസ് തലസ്ഥാനത്തെത്തിയത്. എന്നാൽ ഇവരുടെ ഇടപാടുകാരായി മലയാളികളുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം.