ന്യൂഡൽഹി: എന്‍ സി പി അദ്ധ്യക്ഷൻ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെയാണ് പവാര്‍ പ്രധാനമന്ത്രിയെ കണ്ടത്. അമ്പത് മിനിറ്റോളം കൂടിക്കാഴ്‌ച നീണ്ടുനിന്നു.
ഇന്നലെ കേന്ദ്രമന്ത്രി പീയുഷ് ഗോയലും പവാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാല്‍ ശരദ് പവാറും പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയുടെ കാരണം എൻ സി പി വ്യക്തമാക്കിയിട്ടില്ല. പവാർ രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്‌ചയെന്നത് ശ്രദ്ധേയമാണ്. പവാറും മോദിയും ഒരുമിച്ചുള്ള ഫോട്ടോയുള്‍പ്പടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
Rajya Sabha MP Shri Sharad Pawar met PM @narendramodi. @PawarSpeaks pic.twitter.com/INj26CLl0k
— PMO India (@PMOIndia) July 17, 2021
പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി താന്‍ മത്സരിക്കുമെന്നത് വെറും വാസ്‌തവ വിരുദ്ധമായ പ്രചാരണമാണെന്ന് പവാര്‍ പ്രതികരിച്ചിരുന്നു. ബി ജെ പിക്ക് മൂന്നുറിലധികം എം പിമാരുള്ള സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചാലുള്ള ഫലം എന്താവുമെന്ന് തനിക്കറിയാമെന്നും താന്‍ മത്സരിക്കുമെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തതോടെ സര്‍വസമ്മതനായ ഒരു നേതാവിനെ സ്ഥാനാര്‍ത്ഥി ആയി നിര്‍ത്താനാണ് പ്രതിപക്ഷവും ഭരണപക്ഷവും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചര്‍ച്ച നടത്തിയ പശ്ചാത്തലത്തിലായിരുന്നു ശരദ് പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആവുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.