തിരുവനന്തപുരം: ജില്ലയിൽ മാലിന്യ ശേഖരണം ക്രിയാത്മകമാക്കുന്നതിന്റെ ഭാഗമായി മാലിന്യ ശേഖരണ കലണ്ടർ തയ്യാറാക്കുന്നു. തലസ്ഥാന ജില്ലയിലെ 78 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് മാലിന്യ ശേഖരണ കലണ്ടർ നടപ്പാക്കുന്നത്. 68 തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ ശേഖരണത്തിനായി ക്ളീൻ കേരള കമ്പനിയുമായി കരാർ ഒപ്പിട്ടുണ്ട്. ശേഷിക്കുന്നവ ഉടൻ കരാറിലേർപ്പെടും. കമ്പനി തന്നെയാണ് മാലിന്യ ശേഖരണത്തിന് കലണ്ടർ തയ്യാറാക്കുന്നതും.
ഹരിത കർമ്മസേന വീട്ടിലെത്തും
ക്ളീൻ കേരള കമ്പനിക്കായി ഹരിത കർമ്മസേനയുടെ അംഗങ്ങളുടെ മാലിന്യം ശേഖരിക്കുക. ഇതിനായി ജില്ലയിലെ മുഴുവൻ സേനാംഗങ്ങൾക്കും ഹരിത കേരളം മിഷൻ പരിശീലനം നൽകിക്കഴിഞ്ഞു. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ളീൻ കേരള കമ്പനി എന്നിവ സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ജനുവരി, ഏപ്രിൽ, ജൂലായ് മാസങ്ങളിൽ ചെരിപ്പുകളും ബാഗുകളുമായിരിക്കും ശേഖരിക്കുക. ഗ്ളാസ് കൊണ്ടുള്ള ഉൽപന്നങ്ങൾ ഫെബ്രുവരി, മേയ്, ആഗസ്‌റ്റ് മാസങ്ങളിൽ ശേഖരിക്കും. ഇതിനൊപ്പം ലൈറ്റുകൾ, സി.എഫ്.എൽ, ബാറ്ററി തുടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങളു പാഴ്‌വസ്ത്രങ്ങളും ശേഖരിക്കും. നേരത്തെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ളാസ്‌റ്റിക്കിന് സർക്കാർ കഴിഞ്ഞ വർഷ മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പാഴ്സലുകൾ മാത്രമാണ് ലഭിക്കുന്നതെന്നതിനാൽ ഇളവുകൾ അനുവദിക്കുമെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പറഞ്ഞു. ഭക്ഷണം പാഴ്സലായി നൽകുന്നതിന് മറ്റ് മാർഗങ്ങൾ ലഭ്യമാണെങ്കിലും ഭൂരിഭാഗം ഹോട്ടലുകളും പ്ളാസ്‌റ്റിക് കണ്ടെയ്‌നറുകളാണ് പായ്‌ക്കിംഗിനായി ഉപയോഗിക്കുന്നത്. ഇതോടൊപ്പം തന്നെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ളാസ്‌റ്റിക്ക് മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന ബോധവത്കരണവും നടത്തും.
നിരോധനം 11 ഇനങ്ങൾക്ക്
സംസ്ഥാനത്ത് 11 ഇനം പ്ലാസ്റ്റിന് വിഭാഗങ്ങളിലെ മാലിന്യങ്ങൾക്കാണ് കഴിഞ്ഞ വർഷം ജനുവരി മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയിൽ വിരിക്കാൻ ഉപയോഗിക്കുന്നത്), തെർമോക്കോൾ, സ്‌റ്റെറോഫോം ഉപയോഗിച്ച് നിർമ്മിക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാരവസ്തുക്കൾ, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്‌പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ, ടിഷുകൾ, സ്‌റ്റിറർ, പ്ലാസ്‌റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, പേപ്പർ ബൗൾ, കോട്ടിംഗുള്ള പേപ്പർ ബാഗുകൾ, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടികൾ, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, 500 എം. എല്ലിന് താഴെയുള്ള പെറ്റ് ബോട്ടിലുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്ളക്‌സ് ഉൽപന്നങ്ങൾ, പ്ലാസ്‌റ്റിക് പാക്കറ്റുകൾ. എക്‌സ്‌റ്റൻഡഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാൻഡഡ് പ്ലാസ്‌റ്റിക് വസ്തുക്കളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉൽപാദകർ, ഇറക്കുമതിക്കാർ, ബ്രാൻഡിന്റെ ഉടമസ്ഥർ എന്നിവർ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഴി നീക്കം ചെയ്ത് സംസ്‌കരിക്കണം.