udf

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോള‌ർഷിപ്പ് വിഷയത്തിൽ ഘടക വിരുദ്ധമായ അഭിപ്രായവുമായി പ്രതിപക്ഷ നേതാവും മുസ്ളീം ലീഗും. മുസ്‌ളീം സമുദായത്തിന് നഷ്‌ടമുണ്ടാകില്ലെന്ന് സർക്കാർ വാദത്തിന് തുല്യമായ അഭിപ്രായമാണ് ഇന്ന് കോട്ടയത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടത്. നഷ്‌ടമുണ്ടായില്ലെന്നാണ് വി.ഡി സതീശൻ പറയുന്നതെങ്കിൽ അത് തെറ്റാണെന്നും 80:20 അനുപാതം എടുത്ത് കളഞ്ഞതോടെ സച്ചാർ കമ്മീഷന്റെ ശുപാർശയാണ് ഇല്ലാതായതെന്നും ഇ.ടി മുഹമ്മദ് ബഷീ‌ർ എം.പി രൂക്ഷമായി പ്രതികരിച്ചു.

ഇതോടെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ഐക്യജനാധിപത്യ മുന്നണിയിലെ ഭിന്നസ്വരം പുറത്ത് വന്നിരിക്കുകയാണ്. 100 ശതമാനവും മുസ്ളീം വിഭാഗത്തിന് ലഭിക്കേണ്ട സ്‌കോളർഷിപ്പാണിതെന്നും അതിനെ 80:20 ആക്കിയ വി.എസ് സർക്കാർ ചെയ്‌തതും തെറ്റാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി വിഭജിച്ച് നൽകിയ ആ സ്‌കോളർഷിപ്പാണ് ഇപ്പോൾ കോടതി തള‌ളിയതെന്നും അദ്ദേഹം പറഞ്ഞു. സ്‌കോളർഷിപ്പ് പുനസ്ഥാപിക്കണമെന്നാണ് ലീഗിന്റെ അഭിപ്രായമെന്നും അക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മനസിലാക്കാൻ സാധിച്ചോ എന്നറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ഇന്നലെ കാസർകോട്ടെ വാർത്താസമ്മേളനത്തിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ മുസ്ളീം സമുദായത്തിന് നഷ്‌ടമുണ്ടായതായി പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് കോട്ടയത്ത് നഷ്‌ടമുണ്ടായില്ലെന്ന് അഭിപ്രായപ്പെട്ടു. ഇതിൽ ലീഗ് അതൃപ്‌തി അറിയിച്ചതോടെ ലീഗിന്റെ അഭിപ്രായം മുന്നണി ചർച്ച ചെയ്യുമെന്നും ലീഗിന്റെ ആവശ്യവും പരിഗണിക്കണമെന്നും സർക്കാർ പുതിയൊരു സ്‌കീമുണ്ടാക്കി ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്നുമാണ് അഭിപ്രായമെന്നും വി.ഡി സതീശൻ പറഞ്ഞു. മുസ്ളീം സമുദായത്തിന് എക്സ്ക്ളൂസിവായി ഉണ്ടായിരുന്ന സ്കീമാണ് ഇല്ലാതായതെന്നും അതിനാൽ അവരുടെ നഷ്‌ടം വ്യക്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.

സച്ചാർ കമ്മിറ്റിയുടെയും പാലോളി കമ്മീഷന്റെയും ശുപാർശകളെ അട്ടിമറിക്കുന്നതാണ് പുതിയ കോടതി വിധിയെന്നാണ് ലീഗിന്റെ വാദം. എന്നാൽ ഇതിനോട് സിപിഎമ്മോ കോൺഗ്രസോ യോജിക്കുന്നില്ല എന്നതാണ് നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്. സ്ക‌ോളർഷിപ്പിന് അപേക്ഷിക്കുന്നവ‌ർക്ക് എല്ലാം ലഭിക്കുമെന്നും ആർക്കും ആനുകൂല്യം കുറയില്ലെന്നുമാണ് സിപിഎം സംസ്ഥാന ആക്‌സിങ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞത്. ഇത് തന്നെയാണ് കോൺഗ്രസിലെയും വികാരം. വിഷയത്തിൽ ചർച്ച ചെയ്‌ത് പൊതുധാരണയുണ്ടാകേണ്ടത് യുഡിഎഫിൽ അത്യാവശ്യമാണ്.