v-muraleedharan

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്‌ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് കേരളത്തിൽ കൊവിഡിനെ നേരിട്ടുകൊണ്ടിരുന്നതെന്നും അത് സമ്പൂര്‍ണ പരാജയമായെന്നും വി മുരളീധരന്‍ പറഞ്ഞു. സാമൂഹിക മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്‌ടറായിരുന്ന ഡോ മുഹമ്മദ് അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

അശാസ്ത്രീയമായ സമീപനമല്ല എടുക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സര്‍ക്കാരിന്‍റേയും നിര്‍ദേശങ്ങളുണ്ട്. പ്രധാനമന്ത്രി ഇന്നലേയും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യം പ്രത്യേകമായി സൂചിപ്പിച്ചു. ശനിയും ഞായറും അടച്ചിടുന്നതിന്‍റെ യുക്തി മനസിലാകുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഞങ്ങള്‍ പ്രത്യേകമായ രീതിയിലാണ് കൊവിഡിനെ നേരിടുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. ആ രീതി സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് ബോദ്ധ്യമായി. ലോക്ക്‌ഡൗണിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശമല്ല കേരളത്തിന് പ്രധാനം. ഞങ്ങളുടെ രീതി വേറെയാണെന്നാണ് ഇപ്പോഴും പറയുന്നത്. താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ ബുദ്ധിശക്തി ഉപയോഗിച്ച് സംസ്ഥാനത്തെ കൊവിഡിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരും അങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

ബക്രീദിന് ലോക്ക്‌ഡൗണിൽ ഇളവ് നല്‍കുകയും ഓണത്തിനും ക്രിസ്‌തുമസിനും അടച്ചിടുകയും ചെയ്യുന്നതാണ് സംസ്ഥാനത്തെ രീതി. ഇത് ശരിയല്ല. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിക്കുന്നവര്‍ക്ക് ലോക്ക്‌ഡൗണില്‍ ഇളവും ഇല്ലാത്തവര്‍ക്ക് ഇളവുമില്ലാത്ത സ്ഥിതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട്. കൊടകര കുഴല്‍പ്പണകേസ് ഒത്തുതീര്‍പ്പാക്കിയെന്ന ആരോപണത്തോട് കോണ്‍ഗ്രസിന്‍റെ കാലത്ത് ഇങ്ങനെ നടന്നിട്ടുണ്ടാകുമായിരിക്കും എന്നായിരുന്നു വി മുരളീധരന്‍റെ മറുപടി.