french-fries

സ്ട്രീറ്റ് ഫുഡ് ആരാധകരുടെ ഇഷ്ട വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. ബർഗറിന്റെയും സാൻവിച്ചിന്റെയും കൂടെ ലഭിച്ചിരുന്ന ഫ്രൈസ് ഇപ്പോൾ സർവസാധാരണമായി എല്ലാ കടകളിലും ലഭ്യമാണ്. ചേരുവകൾ കുറവായതുകൊണ്ട് തന്നെ ഫ്രൈസിന് വിലയും കുറവാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വിലകൂടിയ ഫ്രൈസിനെ അടുത്തറിഞ്ഞാലോ ?
അമേരിക്കയിലെ മാൻഹട്ടനിൽ പ്രവർത്തിക്കുന്ന സെറെൻഡിപിറ്റി 3 റെസ്റ്ററന്റാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസ് നിർമ്മിച്ച് ഗിന്നസ് റെക്കാഡിൽ ഇടം നേടിയത്. കഴിഞ്ഞ 13ന് അമേരിക്കയിൽ നടന്ന ഫ്രഞ്ച് ഫ്രൈസ് ദിനാഘോഷത്തിലാണ് സെറെൻഡിപിറ്റി 3 ഹോട്ടൽ അത്യാഡംബര ഫ്രെഞ്ച് ഫ്രൈസ് അവതരിപ്പിച്ചത്. ക്രിയേറ്റീവ് ഷെഫ് ജോ കാൽഡെറോൺ, കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഷെഫ് ഫ്രെഡ്രിക് ഷോൻ-കിവേർട്ട് എന്നിവരാണ് ഈ പ്രത്യേക വിഭവം അവതരിപ്പിച്ചത്. 200 യു.എസ് ഡോളറാണ് ഈ സ്പെഷ്യൽ ഫ്രൈസിന്റെ വില.

ചിപ്പർബെക്ക് ഉരുളക്കിഴങ്ങ്, ഫ്രാൻസിൽ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ഗൂസ് ഫാറ്റ്, ഗ്വാറാൻഡെ ട്രഫിൽ സാൾട്ട്, ട്രഫിൽ ഓയിൽ, ക്രീറ്റ് സെനെസി പെക്കോറിനോ ടാർട്ടുഫെല്ലോ ചീസ്, ഇറ്റാലിയൻ ഷാംപെയിൻ, ട്രഫിൽ ബട്ടർ, ഫ്രഞ്ച് ഷാംപെയ്ൻ, അർഡൻ വിനാഗിരി, ഓർഗാനിക് A2 100 ശതമാനം ഗ്രാസ് ഫെഡ് ക്രീം എന്നിവ ഉപയോഗിച്ചാണ് ഈ പ്രത്യേക ഫ്രൈസ് തയ്യാറാക്കിയിരിക്കുന്നത്. മാത്രവുമല്ല,​ മൂന്ന് മാസം പഴക്കമുള്ള ഗ്രുയേർ ട്രഫിൽഡ് സ്വിസ് റാക്കലെറ്റ്, 23 കാരറ്റ് എഡിബിൾ ഗോൾഡ് പൗഡർ എന്നിവ ഉപയോഗിച്ചാണ് ഈ വിഭവം ഗാ‌ർണിഷ് ചെയ്തിരിക്കുന്നത്.