covid

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിന് മുമ്പ് വിപുലമായ തയ്യാറെടുപ്പിനൊരുങ്ങി കേരളം. സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാനാണ് നീക്കം നടത്തുന്നത്. ഇതു സംബന്ധിച്ചുളള പ്രാഥമിക ചർച്ചകൾ ഇന്ന് ആരോഗ്യ-വ്യവസായ വകുപ്പുകൾ തമ്മിൽ നടന്നു.

കൊവിഡ് മൂന്നാം തരംഗത്തില്‍ ഗ്ലൗസ്, മാസ്‌ക്, പി പി ഇ കിറ്റ് തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കാനാണ് ലക്ഷ്യം. മെഡിക്കല്‍ ഉപകരണങ്ങളുടേയും ഡിവൈസുകളുടേയും ലഭ്യതയ്ക്കായി വ്യവസായ വകുപ്പ് മെഡിക്കല്‍ എക്യുപ്‌മെന്‍റ് ആൻഡ് ഡിവൈസസ് പാര്‍ക്ക് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയ്ക്കാവശ്യമായ സുരക്ഷാ സാമഗ്രികളും മെഡിക്കല്‍ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പല വ്യവസായശാലകളും കൊവിഡായതിനാല്‍ പൂട്ടിയിരിക്കുകയാണ്. പല സുരക്ഷാ ഉപകരണങ്ങളുടേയും ലഭ്യതക്കുറവ് രണ്ടാം തരംഗത്തില്‍ ഉണ്ടായിരുന്നു.

സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ എം എസ് സി എല്‍ വാങ്ങുന്നത്. കെ എസ് ഡി പി എല്‍ വഴി കൂടുതല്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാനായാല്‍ ചെലവ് കുറയുകയും ആരോഗ്യ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കുകയും ചെയ്യുമെന്നും ആരോഗ്യവകുപ്പ് കരുതുന്നു. തുടർപ്രവർത്തനങ്ങൾക്കായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ എം എസ് സി എല്‍, കെ എസ് ഡി പി എല്‍ മാനേജിംഗ് ഡയറക്‌ടര്‍മാരും ചേര്‍ന്ന് കമ്മിറ്റിയുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.