''ജീവിതത്തെയും സിനിമയെയും വേർതിരിച്ചു കാണാൻ എനിക്ക് അറിയില്ലായിരുന്നു. 2019 വരെ അങ്ങനെയായിരുന്നു കാര്യങ്ങൾ. എന്നാൽ 2020 എന്റെ ജീവിതത്തിലെ പ്രധാന വർഷമായിരുന്നു. അച്ഛന്റെ മരണശേഷം വളരെ ബോധപൂർവം മുന്നോട്ടുപോയി. അത് എന്നെ സംബന്ധിച്ച് ആത്മമപരിശോധനയുടെ ഘട്ടമായിരുന്നു."" ജീവിതത്തിലുണ്ടായ താഴ്ചകളെക്കുറിച്ച് നടി അമല പോൾ പറയുന്നു.
പതിനെട്ടാം വയസിൽ മൈന എന്ന ചിത്രത്തിലൂടെയാണ് അമല പോൾ സിനിമയിൽ എത്തുന്നത്. പന്ത്രണ്ടു വർഷമായി തമിഴിലും മലയാളത്തിലും തെലുങ്കിലും അഭിനയിക്കുന്ന അമലയ്ക്ക് സ്വകാര്യ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ നേരിട്ടിട്ടുണ്ട്. 2011ൽ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എ.എൽ. വിജയ്യുമായി അമല പ്രണയത്തിലാകുന്നത്. വിജയ്യെ നായകനാക്കി എ.എൽ. വിജയ് സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തിൽ അമല ആയിരുന്നു നായിക.
2014 ജൂൺ 12നായിരുന്നു ഇരുവരുടെയും വിവാഹം. അപ്പോൾ അമലയ്ക്ക് 23 വയസ്. പിറ്റേവർഷം വിജയ്യും അമലയും വേർപിരിയുകയും ചെയ്തു.
''തെറ്റായ ഒരു പ്രായത്തിലാണ് ഞാൻ വിവാഹിതയാകുന്നത്. ഇത് എന്നെ തന്നെ മനസിലാക്കാൻ സഹായിച്ചു. എന്റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാൽ എനിക്ക് സ്വന്തമായി ഒന്നുമില്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. എനിക്ക് ചെയ്യാൻ കഴിയുന്നതിനപ്പുറം എന്റെ ജീവിതം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നുതോന്നി. ഇപ്പോൾ ആലോചിക്കുമ്പോൾ മോശമായി തോന്നുന്നു. കിട്ടിയ സൗഭാഗ്യങ്ങളെ ഉൾക്കൊണ്ട് ജീവിതം എനിക്ക് മനോഹരമായി മുന്നോട്ട് കൊണ്ടുപോകാം.""അമല പറയുന്നു. മലയാളത്തിൽ അച്ചായൻസാണ് അമലയുടേതായി ഒടുവിൽ തിയേറ്ററിൽ എത്തിയത്. തെലുങ്കിൽ രണ്ട് വെബ് സീരീസിൽ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് - ബ്ളെസി ചിത്രം ആടുജീവിതമാണ് മലയാളത്തിൽ പുതിയ പ്രോജക്ട്. ''എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്വമുണ്ടെന്ന് മനസിലാക്കുന്നു. മുൻപ് എനിക്ക് അത് അറിയില്ലായിരുന്നു. ഇന്ന് എനിക്ക് എന്റെ സ്വകാര്യജീവിതവും സിനിമയും വേർതിരിച്ചുകാണാൻ കഴിയുന്നു.
ഇപ്പോൾ എനിക്ക് ഒരു ചോയിസുണ്ട്. എല്ലാവർക്കും ജീവിതത്തിൽ ഓരോ ഘട്ടങ്ങളുണ്ടാവും. ഞാൻ അത് തിരിച്ചറിഞ്ഞതുപോലെ എല്ലാവരും അത് ഒരിക്കൽ തിരിച്ചറിയും. "" അമലയുടെ വാക്കുകൾ.