ind-sl

കൊളംബോ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ളണ്ട് പര്യടനവും ശ്രീലങ്കൻ പര്യടനവും ഒരുമിച്ച് വന്നപ്പോൾ ബി സി സി ഐ രണ്ടും കല്പിച്ച് ഒരു തീരുമാനം എടുത്തു. രണ്ട് ഇന്ത്യൻ ടീമിനെ അയയ്ക്കുക. പണ്ട് ഒരിക്കൽ പരീക്ഷിച്ച് പരാജയപ്പെട്ട തന്ത്രമാണെങ്കിലും ഒന്ന് ശ്രമിക്കാൻ തന്നെ ബി സി സി ഐ തീരുമാനിച്ചു. വിരാട് കൊഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തെ ഇംഗ്ളണ്ടിലേക്കും മുൻ ക്യാപ്ടൻ രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിലും ശിഖർ ധവാന്റെ നേത്യത്വത്തിലും ഒരു പറ്റം യുവതാരങ്ങളെ ശ്രീലങ്കയിലേക്കും അയയ്ക്കുക.

ഈ തീരുമാനം എടുക്കുമ്പോൾ യുവതാരങ്ങൾക്ക് ഒരു പരിശീലനം എന്നതിൽ കവിഞ്ഞ് സെലക്ട‌ർമാ‌ർക്കോ ബി സി സി ഐക്കോ മറ്റൊരു ലക്ഷ്യം ഉണ്ടായിരുന്നില്ല. എന്നാൽ അതിനു ശേഷം ഐ സി സി ടി 20 ലോകക്കപ്പിനുള്ള തീയതി കൂടി പ്രഖ്യാപിച്ചതോടെ കളി മാറി. ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നതിനു മുമ്പ് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഏറ്റവും മികച്ച അവസരമാണ് കേരളത്തിന്റെ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ഇന്ത്യൻ യുവതാരങ്ങൾക്ക് വന്നുചേർന്നിരിക്കുന്നത്.

നാളെയാണ് ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ ആദ്യ ഏകദിനം. നാലു വർഷത്തിനിടെ പത്താമത്തെ ക്യാപ്ടനെ പരീക്ഷിക്കുന്ന ശ്രീലങ്കൻ ടീമിന് ഇന്ത്യയുടെ രണ്ടാം നിര ടീമിനെപോലും പരാജയപ്പെടുത്തുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഇംഗ്ളണ്ടിൽ വച്ച് ബയോ ബബിൾ ലംഘിച്ചതിന് സസ്പെൻഷനിലായ കുസാൽ മെൻഡിസും നിരോഷൻ ഡിക്കവാലയും പരിക്കേറ്റ് മുൻ ക്യാപ്ടൻ കുസാൽ പെരേരയും ഇന്ത്യക്കെതിരെ കളിക്കാൻ ഇറങ്ങാത്തത് ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിയിട്ടുള്ളത്.

എന്നാൽ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യൻ ടീമിനെ തന്നെയാണ്. രണ്ടാം നിര ടീം ആയിട്ട് പോലും ഓരോ പൊസിഷനിലേക്കും കടുത്ത മത്സരമാണ് ടീമിനുള്ളിൽ നടക്കുന്നത്. ക്യാപ്ടൻ ശിഖർ ധവാനോടൊപ്പം പ്രിഥ്വി ഷാ ഓപ്പണിംഗ് ഇറങ്ങും എന്നത് ഏതാണ്ട് ഉറപ്പാണ്. സിനിയർ താരങ്ങളായ ഹാർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും ഏറെക്കുറെ ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുമുണ്ട്. എന്നാൽ പിന്നീട് അങ്ങോട്ട് കടുത്ത മത്സരമാണ് ഓരോ സ്ഥാനത്തേക്കുമുള്ളത്. മൂന്നാം സ്ഥാനത്തേക്ക് ദേവ്ദത്ത് പടിക്കലിനും റുതുരാജ് ഗെയ്ക്ക്‌വാദിനും അവസരമുണ്ട്. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണോ അതോ മനീഷ് പാണ്ഡ്യയെ ആണോ ക്യാപ്ടനും കോച്ചും തിരഞ്ഞെടുക്കുക എന്നുറപ്പില്ല. പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ഇഷ്ട താരമായ സഞ്ജു സാംസൺ ആണോ അതോ പുത്തൻ താരോദയം ഇഷാൻ കിഷൻ ആണോ വിക്കറ്റിനു പിന്നിൽ നിൽക്കുക എന്നും ഉറപ്പില്ല. കൃണാൾ പാണ്ഡ്യക്കു പകരം കൃഷ്ണപ്പാ ഗൗതത്തെ പരിഗണിച്ചേക്കാം. സീനിയർ താരമായ യുസ്‌വേന്ദ്ര ചാഹലിനു പോലും ടീമിലെ തന്റെ സ്ഥാനത്തെകുറിച്ച് ഉറപ്പില്ലാത്ത അവസ്ഥയാണ്. കുറച്ചു നാളായി മോശം ഫോം അലട്ടുന്ന ചാഹലിനു കനത്ത വെല്ലുവിളിയാണ് യുവതാരം രാഹുൽ ചാഹർ ഉയർത്തുന്നത്.

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് മുൻതൂക്കം തീർച്ചയായും ഉണ്ട്. പക്ഷേ നിലവിലെ അവസ്ഥയിൽ ശ്രീലങ്കയെക്കാളും ഇന്ത്യൻ താരങ്ങൾക്ക് വെല്ലുവിളി ഉയത്തുന്നത് ടീമിലെ സഹതാരങ്ങൾ തന്നെയാണ്.