തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ശുപാര്‍ശ ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്വേഷണം വഴി തെറ്റിക്കാനും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കുടുക്കാനും സാജൻ ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ അന്തിമ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സാജനെതിരെ വിജിലൻസ് വിഭാഗവും നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു. ഇദ്ദേഹത്തിനുനേരെ സമാനമായ ആരോപണങ്ങൾ നേരത്തേയും ഉണ്ടായിരുന്നതായി വിജിലൻസ് റിപ്പോര്‍ട്ടിൽ പറയുന്നു.
2001ല്‍ കാസര്‍കോട് റേഞ്ച് ഓഫീസര്‍ ആയിരിക്കെ നടന്ന വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് സാജനെതിരെയുള്ള കണ്ടെത്തലുകളുള്ളത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചന്ദനത്തൈല ഫാക്ടറികള്‍ക്ക് വഴിവിട്ട സഹായം ചെയ്തുവെന്ന റിപ്പോര്‍ട്ട് കാസര്‍കോട് യൂണിറ്റാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.