കൊച്ചി: തൃശൂരിലെ മുൻ പുരോഹിതൻ ചുങ്കത്ത് ജോൺസൺ ഉൾപ്പെട്ട പീഡന കേസിൽ പൊലീസിനെതിരെ ഒളിമ്പ്യൻ മയൂഖ ജോണിയും പീഡനത്തിനിരയായ യുവതിയും ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഇര ഹൈക്കോടതിയിൽ നൽകിയ ഹർജിക്ക് മറുപടിയായാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി റിപ്പോർട്ട് നൽകിയത്.
2016 ജൂലായിൽ പീഡനത്തിനിരയായ യുവതി കഴിഞ്ഞ മാർച്ചിലാണ് പരാതി നൽകിയത്. പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രതി ഭീഷണി മുഴക്കിയെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. പീഡനത്തിനിരയായ യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ പ്രതി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നെന്ന ആരോപണം ശരിയല്ലന്നും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അഞ്ച് കിലോമീറ്റർ അകലെയാണ് പ്രതി ആ സമയത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ രക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന ആരോപണം ശരിയല്ല. പ്രതിയും പൊലീസും ഉന്നത മത മേലധ്യക്ഷന്മാരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയെന്ന ആരോപണം കളവാണ്. ചുങ്കത്ത് ജോൺസൺ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും പീഡനം നടന്ന 2016 ൽ പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു . അഞ്ച് വർഷം മുമ്പ് നടന്ന സംഭവത്തെത്തുടർന്നുള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും പൂങ്കുഴലിയുടെ റിപ്പോർട്ടിൽ പറയുന്നു.
കേസ് ഇങ്ങനെ
തൃശൂരിൽ അമ്മയ്ക്കൊപ്പം താമസിക്കുമ്പോഴാണ് യുവതി പീഡനത്തിനിരയായത്. യുവതി പിന്നീട് വിവാഹിതയായെങ്കിലും പ്രതി വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇക്കാര്യങ്ങൾ യുവതി സുഹൃത്തായ ഒളിമ്പ്യൻ മയൂഖ ജോണിയോട് വിശദീകരിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ പ്രതി, മയൂഖയെയും ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്ന് യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഈ ഘട്ടത്തിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ജോസഫൈൻ കേസിൽ ഇടപെട്ടെന്ന് മയൂഖ ജോണി ആരോപിച്ചിരുന്നു.