കൊച്ചി: പ്രമുഖ ഓൺലൈൻ ഫ്രഷ് മാർക്കറ്റായ ഫ്രഷ് ടു ഹോം ഈ ലോക്ക്ഡൗൺ കാലത്ത് വിറ്റുവരവിലും ഉപഭോക്താക്കളുടെ എണ്ണത്തിലും നേടിയത് മുൻവർഷത്തെ സമാനകാലത്തേക്കാൾ 40 ശതമാനം വളർച്ച. കഴിഞ്ഞ ലോക്ക്ഡൗണിൽ ഇന്ത്യയിൽ 30 ശതമാനവും യു.എ.ഇയിൽ 80 ശതമാനവും വളർച്ച കമ്പനി നേടിയിരുന്നു. പുതിയ ഉപഭോക്താക്കളുടെ എണ്ണം മുൻമാസത്തെ അപേക്ഷിച്ച് ഈമാസം 150 ശതമാനം ഉയർന്നെന്നും കേരളത്തിൽ വളർച്ച ഇതിലും കൂടുതലാണെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി.ഒ.ഒ) മാത്യു ജോസഫ് പറഞ്ഞു.
മലയാളി സംരംഭകരായ ഷാൻ കടവിൽ (സി.ഇ.ഒ), മാത്യു ജോസഫ് എന്നിവർ ചേർന്ന് 2015ലാണ് ഫ്രഷ് ടു ഹോമിന് തുടക്കമിട്ടത്. ഇന്ത്യയിലെയും യു.എ.ഇയിലെയും ഏറ്റവും വലിയ ഓൺലൈൻ ഫ്രഷ് മാർക്കറ്റായ ഫ്രഷ് ടു ഹോമിന് 20 ലക്ഷത്തിലേറെ രജിസ്‌റ്റേഡ് ഉപഭോക്താക്കളുണ്ട്. നേരിട്ടും അല്ലാതെയും 17,000ലേറെ പേർ ജോലിയും ചെയ്യുന്നു. സി-ലെവൽ ഫണ്ടിംഗിലൂടെ 850 കോടി രൂപ നേടി ഇന്ത്യൻ റെക്കാഡ് സൃഷ്‌ടിച്ച സ്‌റ്റാർട്ടപ്പ് കമ്പനിയായ ഫ്രഷ് ടു ഹോമിന് നടപ്പുവർഷം ലക്ഷ്യം 1,200 കോടി രൂപയുടെ വിറ്റുവരവാണ്. കഴിഞ്ഞവർഷം ഇത് 650 കോടി രൂപയായിരുന്നു.
മീൻ, ഇറച്ചി, മാരിനേറ്റഡ്, റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഉത്‌പന്നങ്ങളാണ് ഫ്രഷ് ടു ഹോം ലഭ്യമാക്കുന്നത്. യാതൊരുവിധ കെമിക്കലുകളും ഇല്ലെന്നതാണ് മികവ്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്‌ട്ര, ഡൽഹി എൻ.സി.ആർ, യു.എ.ഇ എന്നിവയാണ് പ്രധാന വിപണികൾ. ബംഗാൾ, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കും വൈകാതെ സാന്നിദ്ധ്യം വ്യാപിപ്പിക്കും.
കൊവിഡ് ഒന്നാംതരംഗത്തിന് സമാനമായി ഇക്കുറിയും ജീവനക്കാർക്ക് 25 ശതമാനം ഹീറോ ബോണസ് നൽകിയെന്ന് സി.ഇ.ഒ ഷാൻ കടവിൽ പറഞ്ഞു. ജീവനക്കാർക്കെല്ലാം വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കൊവിഡ് മൂലം ജീവൻ നഷ്‌ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായും ലഭ്യമാക്കുന്നുണ്ട്.