petrol-price-hike

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അവശ്യഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതായി റിപ്പോർട്ട്. പാകിസ്താനിലെ യൂട്ടിലിറ്റി സ്റ്റോർസ് കോർപ്പറേഷനിൽ സാധനങ്ങളുടെ വില ഉയർത്താൻ മന്ത്രിസഭയുടെ സാമ്പത്തിക ഏകോപന സമിതി അംഗീകാരം നൽകിയതോടെയാണ് വില കൂടിയത്. വിപണി വിലയും സബ്സിഡി വിലയും തമ്മിലുളള അന്തരം വലിയ തോതിൽ വർദ്ധിച്ചതോടെയാണ് ഇത്തരമൊരു തീരുമാനം കെെകൊണ്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ സർക്കാർ സബ്സിഡി ലഭിക്കുന്ന വിപണിയിലെ ചില അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചു. നെയ്യ്, ​ഗോതമ്പ് പൊടി, പഞ്ചസാര തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. ഒരു കിലോ​ഗ്രാം നെയ്യിന്റെ വില 170 രൂപയിൽ നിന്നും 260 രൂപയിലെത്തി. 20 കിലോ ഗോതമ്പ് പൊടിയുടെ വില 800 രൂപയിൽ നിന്നും 950 രൂപയായി ഉയർന്നു. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 68 രൂപയിൽ നിന്നും 85 രൂപയായി മാറി. ഇതിന് അനുബന്ധമായി പൊതുവിപണിയിലും വില വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പെട്രോളിന്റെയും അതിവേ​ഗ ഡീസലിന്റെയും വില വർദ്ധനവിന് ഇമ്രാൻഖാൻ സർക്കാർ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് അവശ്യഭക്ഷ്യവസ്തുക്കളുടെ വിലയിലും വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഒരു ലിറ്റർ പെട്രോളിന് 118.09 രൂപയും ഡീസലിന് 116.5 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുത്തനെ കൂടുകയാണെന്നും സർക്കാരിന് വേറെ മാർ​ഗമില്ലെന്നും വില വർദ്ധനവിൽ പാക് മന്ത്രി ഫവാസ് ചൗദ്ധരി പ്രതികരിച്ചു. മേഖലയിലെ ഏറ്റവും കുറഞ്ഞ വില പാകിസ്ഥാനിലാണെന്ന് ചൗദ്ധരി ട്വീറ്റ് ചെയ്തു.

ലോക ബാങ്കിന്റെ കണക്കനുസരിച്ച് 2020ൽ പാകിസ്ഥാനിലെ ദാരിദ്ര്യം 4.4 ശതമാനത്തിൽ നിന്നും 5.4 ശതമാനമായി ഉയർന്നിരുന്നു. 2021-2022 കാലഘട്ടത്തിൽ പാകിസ്ഥാനിലെ ദാരിദ്ര്യ അനുപാതം 39.2 ശതമാനമായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നതെന്നും ന്യൂസ് ഇന്റർ നാഷണലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലും ഇന്ധനവിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. പെട്രോളിന്റെ വില ദിനംപ്രതി വർദ്ധിച്ച് മിക്ക സംസ്ഥാനങ്ങളിലും 100ന് മുകളിൽ എത്തിക്കഴിഞ്ഞു. വില പിടിച്ചു നിർത്താൻ സാധിക്കാത്തത് ജനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്. ഒരു പാക്സ്ഥാനി രൂപ നിലവിൽ 0.47 ഇന്ത്യൻ രൂപയ്ക്ക് സമമാണ്.