pocso

ചെന്നെെ: എഫ്.ഐ.ആറിലെ അക്ഷരത്തെറ്റ് മുതലാക്കി പോക്സോ കേസ് പ്രതി സ്വതന്ത്രനായി നടന്നത് മൂന്ന് വർഷം. 2017ൽ രണ്ടുവയസുകാരിയെ ലെെം​ഗികമായി പീഡിപ്പിച്ച പ്രതി കീഴ്കോടതിയിൽ എഫ്.ഐ.ആറിലെ അക്ഷരത്തെറ്റ് മുതലാക്കി രക്ഷപ്പെടുകയായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം കീഴ്ക്കോടതി വിധി തിരുത്തിയ മദ്രാസ് ഹെെക്കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു.

കുട്ടിക്ക് രണ്ട് വയസും ഒൻപത് മാസവും പ്രായമുളളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ മുറ്റത്ത് നിർത്തിയതിനു ശേഷം അമ്മ കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്നു. തിരികെ എത്തിയപ്പോൾ കുട്ടിയെ കാണാഞ്ഞതോടെ കുഞ്ഞിന്റെ പേര് വിളിച്ച് തിരക്കി. ആ സമയം അയൽവാസി കുഞ്ഞിനെ അമ്മയെ ഏൽപ്പിക്കുകയായിരുന്നു. കുട്ടി ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പരിശോധനയിൽ കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ വെള്ള നിറത്തിലുള്ള ദ്രാവകം കാണുകയും പിന്നീട് ആശുപത്രിയിൽവച്ച്, പീഡനം നടന്നതായി തിരിച്ചറിയുകയുമായിരുന്നു.

പക്ഷേ എഫ്.ഐ.ആറിൽ സെമൻ (ശുക്ലം-semen) എന്നതിനു പകലം സെമ്മൺ (ചെമ്മണ്ണ്-semman) എന്ന് രേഖപ്പെടുത്തി. ടൈപ്പിസ്റ്റിന്റെ ഈ പിഴവ് പ്രതിഭാ​ഗം വക്കീൽ മുതലെടുക്കുകയും പ്രോസിക്യൂഷൻ കോടതിയിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെടുകയുമായിരുന്നു. എന്നാൽ, മൂന്ന് വർഷങ്ങൾക്കിപ്പുറം കേസിൽ അപ്പീൽ പരി​ഗണിച്ച ജസ്റ്റിസ് പി. വേൽമുരു​ഗന്റെ കീഴിലുളള ഹെെക്കോടതിബെഞ്ച് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. നിരക്ഷരയായ ഒരു അമ്മ ഇത്തരമൊരു പരാതിയുമായി മുന്നോട്ടുവന്നിട്ടും സാങ്കേതിക പിഴവുകള്‍ നിരത്തി പ്രതിയെ മോചിപ്പിച്ച കോടതിയുടെ നടപടി ന്യായീകരിക്കാനാകാത്ത വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ കേസിൽ ഇര ഒരു കുട്ടിയാണ്, അതിനാൽ അവളുടെ പതിപ്പ് വിശദീകരിക്കാനും കുറ്റകൃത്യങ്ങൾ പറയാനും കഴിയില്ല. അതിനാൽ, അമ്മയുടെ മൊഴിയെ ആശ്രയിക്കണം. കുട്ടിക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ കുറ്റവാളി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും ഭാഗത്തുനിന്ന് കൂടുതല്‍ ജാഗ്രതയുണ്ടാകണമെന്നും വേല്‍മുരുഗന്‍ പറഞ്ഞു.