ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ലോകപ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്‌സർ ജേതാവുമായ ഡാനിഷ് സിദ്ദിഖി (41)യുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. രാത്രിയോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവരം.
ഇന്നലെ താലിബാൻ റെഡ്‌ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം രാത്രിയോടെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ക്യാമറയിൽ പകര്‍ത്തുന്നതിനിടെയാണ് റോയിട്ടേഴ്സ് ഫോട്ടോ ജേര്‍ണലിസ്റ്റായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.
മരണത്തിന് മൂന്ന് ദിവസം മുൻപാണ് ഡാനിഷ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കയ്യിൽ ചെറിയ പരിക്ക് പറ്റിയതായി അന്ന് പിതാവിനോട് പറഞ്ഞിരുന്നു. അധികം വൈകാതെ മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ധീരനും, സ്‌നേഹനിധിയുമായ മകനെയാണ് തനിക്ക് നഷ്ടമായതെന്ന് ഡാനിഷിന്റെ പിതാവ് മുഹമ്മദ് അക്താർ സിദ്ദിഖി പറഞ്ഞു. എന്നും അഭിമാനമാണ് മകനെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.