asha

ആത്മാർത്ഥമായി ശ്രമിച്ചാൽ ഏത് ഉയരവും കീഴടക്കാൻ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നാൽപതുകാരിയായ ആശ കാണ്ഡാർ.തനിക്ക് ഈ നിലയിലെത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ ഏവർക്കും അതിന് കഴിയുമെന്നാണ് ഇത്തവണത്തെ രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ കയറിപ്പറ്റിയ ആശയ്ക്ക് പറയാനുള്ളത്. സിനിമാ കഥയെ വെല്ലുന്നതാണ് ആശയുടെ ജീവിതം.

എട്ട് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ചു.രണ്ട് മക്കളെ എങ്ങനെ വളർത്തുമെന്ന ചോദ്യത്തിന് മുന്നിൽ തളർ‌ന്നില്ല. മാതാപിതാക്കൾ ആശയ്‌ക്കൊപ്പം നിന്നു.ബിരുദ പഠനം പൂർത്തിയാക്കി.ജോധ്പൂർ മുൻസിപ്പൽ കോർപ്പറേഷനിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ആശ.

2018ൽ സിവിൽ സർവീസ് പരീക്ഷ എഴുതി. പരീക്ഷ ഫലം വന്നപ്പോൾ സന്തോഷം. തൊട്ടടുത്ത വർഷം മെയിൻ പരീക്ഷയും എഴുതി. അതിലും മികച്ച വിജയം.സാധാരണക്കാരായ ജനങ്ങളെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആശ പറയുന്നു.


പിതാവാണ് തനിക്ക് പ്രചോദമായതെന്ന് ആശ പറഞ്ഞു. 'എന്റെ പിതാവ് വിദ്യാഭ്യാസമുള്ളയാളാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം അദ്ദേഹത്തിനറിയാം. പഠിക്കാനും മുന്നോട്ട് പോകാനും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.'- അവർ കൂട്ടിച്ചേർത്തു.