tokyo

ടോക്കിയോ: ഒളിമ്പിക്‌സ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിദേശത്ത് നിന്നും വന്ന ഒരു ഒഫീഷ്യലിന് കഴിഞ്ഞ ദിവസം കൊവി‌ഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ആശങ്കകൾ അൽപം കൂടി വർദ്ധിപ്പിച്ച് മൂന്ന് കായിക താരങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു എന്ന വാ‌ർത്തയാണ് പുറത്തുവരുന്നത്.

രണ്ട് പേർ ഒളിമ്പിക് വില്ലേജിലും ഒരാൾ ഹോട്ടലിലുമാണുള‌ളത്. ഒരു ഒഫീഷ്യലിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന്പേർക്ക് കൂടി രോഗം സ്ഥിരീകിരച്ചത്. ഇതോടെ ഒളിമ്പിക്‌സ് സുരക്ഷിതമായി നടത്താനാകുമെന്ന ജപ്പാന്റെ വാദത്തിന് നേരെ സംശയമുയർന്നിരിക്കുകയാണ്.

ദക്ഷിണ കൊറിയയിൽ നിന്ന് വന്ന ഒഫീഷ്യലിനാണ് ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 2020ൽ നടത്തേണ്ട ഒളിമ്പിക്‌സ് ഈ വർഷത്തേക്ക് നീട്ടിവയ്‌ക്കുകയായിരുന്നു. കാണികളില്ലാതെ കർശന സുരക്ഷയോടെയാകും ഇത്തവണ മത്സരങ്ങൾ. ടോക്കിയോയിൽ ഒളിമ്പിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 228 അംഗ ഇന്ത്യൻ ടീം ഇന്നലെ ടോക്കിയോയിൽ എത്തിയിരുന്നു. ജൂലായ് 23നാണ് ഒളിമ്പിക്‌സ് ആരംഭിക്കുക.